Loading time...
Local

പി.പി. ദിവ്യക്കെതിരായ അന്വേഷണം ശക്തമാക്കി വിജിലൻസ്; 12 കോടിയുടെ കരാർ ഫയലുകൾ പിടിച്ചെടുത്തു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Nov 2026, 10:04 am
Updated on: 2 Nov 2026, 10:04 am
Share:
Follow Us: YouTube
Feature Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയ്ക്ക് കോടികളുടെ പദ്ധതികൾ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്.

 

പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഇത്രയധികം രൂപയുടെ കരാറുകൾ ലഭിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. മോഡുലാർ ടോയ്ലറ്റ് നിർമാണം, എ.ബി.സി കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയ പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തത്. രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വിജിലൻസിന്റെ തുടർനടപടികൾ.

 

പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് കമ്പനിക്ക് കരാറുകൾ ലഭിച്ചത്. അതുകൊണ്ടുതന്നെ അന്വേഷണം സിൽക്കിലേക്കും വ്യാപിക്കുമെന്നാണ് സൂചന. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.

 

കാർട്ടൺ ഇന്ത്യ ദിവ്യയുടെ ബിനാമി കമ്പനിയാണെന്നും വഴിവിട്ട് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പരാതി നൽകിയത്. എന്നാൽ അന്ന് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

 

അതേസമയം, ജില്ലാ പഞ്ചായത്തിന്റെ കരാറുകൾ ഇ-ടെൻഡർ വഴിയാണ് നേടിയതെന്നും ബിനാമി കമ്പനിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നുമാണ് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശദീകരണം.