കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽവച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. വീണാ ജോർജിന്റെ അടുത്തെത്താൻ കെഎസ്‌യു പ്രവർത്തകർക്ക് കഴിഞ്ഞില്ലെന്നും അവരെ ആക്രമിച്ചിട്ടില്ലെന്നും വ്യക്‌തമാക്കുന്നതാണ് റിപ്പോർട്ട്. മുൻമന്ത്രിയും ഗൺമാനും പ്രശ്‌നം പെരുപ്പിച്ച് കാണിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടാവുകയും ഇതിനിടയിൽപ്പെട്ട് വീണാജോർജിന് കഴുത്തിന് പരിക്ക് പറ്റുകയായിരുന്നുവെന്നുമാണ് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മന്ത്രിക്ക് പുറത്ത് പരുക്കില്ലെന്നാണ് ഡോക്‌ടർമാരുടെ റിപ്പോർട്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അന്ന് മന്ത്രിയുടെ സുരക്ഷാച്ചുമതലയുണ്ടായിരുന്ന എസ്‌ഐ ദീപ്‌തി നേരത്തെ കേസിൽ മൊഴി മാറ്റി നൽകിയിരുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നാണ് എസ്ഐ ദീപ്തി അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ പേരിൽ കള്ളമൊഴി എഴുതിച്ചേർത്തുവെന്നും ദീപ്‌തി എസ്ഐടിക്ക് മൊഴി നൽകി.
അതോടൊപ്പം വീണാ ജോർജിനെ പ്രതിരോധത്തിലാക്കി ഗൺമാൻ അഭിലാഷിന്റെ മൊഴിയും പുറത്തുവന്നിരുന്നു. സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷിൻ്റെ മൊഴിയിലുണ്ട്. ഇതിന്റെയെല്ലാം അടിസ്‌ഥാനത്തിലാണ് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.