പിഎസ്‌സിയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാൻ എം.ആർ. ബൈജുവിനും മറ്റ് അംഗങ്ങൾക്കുമെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെ ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം പുതിയ എഫ്ഐആർ തയ്യാറാക്കിയത്. അധികാരം ദുരുപയോഗം ചെയ്ത് ആവശ്യമായ യോഗ്യതയില്ലാത്തവർക്ക് നിയമനം ഉറപ്പാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാലയായ കുഫോസിൽ നിന്നുള്ള ഉദ്യോഗാർഥികളെ അനർഹമായി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. പരീക്ഷാഫലം പുറത്തുവന്നപ്പോൾ പട്ടികയിൽ കുഫോസിൽ നിന്നുള്ളവരുടെ ആധിപത്യമായിരുന്നു. ഫിഷറീസ് സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആയിരുന്നു ഈ തസ്തികയിലേക്കുള്ള പ്രധാന യോഗ്യത.
ഇതുമായി ബന്ധപ്പെട്ട് എസ്ഐടി നേരത്തെ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കൂടുതലായി കുഫോസിലുള്ളതിനാലാണ് റാങ്ക് പട്ടികയിൽ അവരിൽ കൂടുതൽ പേർ ഇടംപിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. നിയമനത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ബൈജു നിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, പി.എസ്.സിയുമായി ബന്ധപ്പെട്ട് 150 പരാതികൾ ലഭിച്ചതായാണ് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അറിയിച്ചത്. ഇതിൽ നാലെണ്ണത്തിലാണ് കേസെടുത്തിരിക്കുന്നത്. ആസൂത്രണ ബോർഡ് ചീഫ് നിയമനവുമായി ബന്ധപ്പെട്ട കേസിലും നേരത്തെ എസ്ഐടി ബൈജുവിന്റെ മൊഴിയെടുത്തിരുന്നു. പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.