സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് നാളെ കോഴിക്കോട് തുടക്കമാകും. എൻഐടി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയമാണ് പ്രധാന വേദി. മുഖ്യമന്ത്രി വി.ഡി സതീശൻ കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ ദീപശിഖ തെളിയിക്കും. ഈ മാസം 25 മുതൽ 31 വരെ നീളുന്ന മേളയിൽ പങ്കെടുക്കാനായി കായികതാരങ്ങൾ ഇന്ന് മുതൽ എത്തിത്തുടങ്ങും.
ഉദ്ഘാടനച്ചടങ്ങിൽ നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയും ഉണ്ടാകും. ലഹരിവിരുദ്ധ സന്ദേശമായ 'സേ നോ ഡ്രഗ്സ്' ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്. ആദ്യദിനമായ 25ന് ഉദ്ഘാടനച്ചടങ്ങുകൾ മാത്രമായിരിക്കും. മത്സരങ്ങൾ 26 മുതൽ 31 വരെ പത്ത് വേദികളിലായി നടക്കും.
ആവേശം നിറയ്ക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെ എൻഐടി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങളാണ് അത്‌ലറ്റിക്‌സിൽ മാറ്റുരയ്ക്കുക. ഇൻക്ലൂസീവ് സ്‌പോർട്‌സിനും ഇത്തവണ പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിഭാഗത്തിൽ രണ്ടായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. താരങ്ങളും ടീം മാനേജർമാരും ഒഫീഷ്യലുകളും ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് കായികമേളയുടെ ഭാഗമാകുന്നത്.
ഒക്ടോബർ 31ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് മുഖ്യാതിഥിയാകും. കോഴിക്കോട് ഇനി ഒരാഴ്ച കായികാവേശത്തിന്റെ ദിനങ്ങളാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .