Loading time...
Local

എവറസ്റ്റ് ബേസ് ക്യാംപ് യാത്രയ്ക്കിടെ മലയാളി യുവാവിന് ദാരുണാന്ത്യം; മരണം 5,164 മീറ്റർ ഉയരത്തിലുള്ള ഗോരക്ഷേപിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Nov 2026, 7:18 am
Updated on: 21 Nov 2026, 7:19 am
Share:
Follow Us: YouTube
Feature Image

എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള ട്രെക്കിങ്ങിനിടെ കണ്ണൂർ സ്വദേശിയായ മലയാളി യുവാവിന് നേപ്പാളിൽ ദാരുണാന്ത്യം. കണ്ണൂർ സ്വദേശിയായ അഞ്ജുനാഥ് കെ.വി (31) ആണ് മരിച്ചത്. എവറസ്റ്റ് ബേസ് ക്യാംപിന് സമീപമുള്ള ഗോരക്ഷേപ് എന്ന സ്ഥലത്തെ ഹോട്ടൽ മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ 19 വ്യാഴാഴ്ചയായിരുന്നു സംഭവം.

 

ഒറ്റയ്ക്കായിരുന്നു അഞ്ജുനാഥ് യാത്ര നടത്തിയത്. ട്രെക്കിങ് ഗൈഡോ അംഗീകൃത ട്രാവൽ ഏജൻസിയുടെ സഹായമോ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സാഗർമാത ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നാണ് നേപ്പാൾ അധികൃതർ അറിയിച്ചത്.

 

ഗോരക്ഷേപ് സമുദ്രനിരപ്പിൽനിന്ന് 5,164 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്രയിലെ അവസാനത്തെ പ്രധാന താമസകേന്ദ്രമാണിത്. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് ട്രെക്കർമാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം.

 

അഞ്ജുനാഥിന്റെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഹെലികോപ്റ്റർ മാർഗം നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. നേപ്പാളിൽ അടിയന്തര ബന്ധപ്പെടാനുള്ള വ്യക്തിയോ ട്രെക്കിങ് ഏജൻസിയോ ഇല്ലാതിരുന്നതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് തുടർനടപടികൾ ഏകോപിപ്പിച്ചത്.

 

കഴിഞ്ഞ വർഷം അഞ്ജുനാഥ് അന്നപൂർണ ബേസ് ക്യാംപിലേക്ക് ട്രെക്കിങ് നടത്തിയിരുന്നു. ഈ അനുഭവത്തിന്റെ ആത്മവിശ്വാസത്തിലാണ് എവറസ്റ്റ് ബേസ് ക്യാംപ് ലക്ഷ്യമിട്ട് വീണ്ടും യാത്ര തിരിച്ചത്.

 

അതേസമയം, ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ കുറവ് മൂലമുണ്ടാകുന്ന അക്യൂട്ട് മൗണ്ടൻ സിക്ക്നസ് (AMS) ട്രെക്കർമാർക്ക് വലിയ ഭീഷണിയാണ്. തലവേദന, ഛർദി, തലകറക്കം, അമിത ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ശാരീരികക്ഷമതയുള്ളവർക്കും ഈ അവസ്ഥ ബാധിക്കാം.

 

ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ ശരീരത്തിന് ആവശ്യമായ സമയം വിശ്രമവും ഉയരവുമായി പൊരുത്തപ്പെടാനുള്ള അവസരവും നൽകണമെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഞ്ജുനാഥിന്റെ മരണം സാഹസിക യാത്രകളിലെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം വീണ്ടും ഓർമിപ്പിക്കുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .