Loading time...
Global

നെതന്യാഹുവിന്റെ യുഎൻ പ്രസംഗത്തിൽ പ്രതിഷേധം; കൂട്ടത്തോടെ ഇറങ്ങിപ്പോയി നയതന്ത്ര പ്രതിനിധികൾ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Sep 2026, 4:59 am
Updated on: 25 Sep 2026, 4:59 am
Share:
Follow Us: YouTube
Feature Image

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നടത്തിയ കടുത്ത പരാമർശങ്ങൾ പുതിയ നയതന്ത്ര സംഘർഷങ്ങൾക്ക് വഴിവെച്ചേക്കും. ശത്രുരാജ്യങ്ങൾക്കൊപ്പം പരമ്പരാഗത സഖ്യകക്ഷികളെയും വിമർശിച്ച നെതന്യാഹുവിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് നിരവധി രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി.

 

ഒക്ടോബർ 27ന് ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ പ്രസംഗം. അധികാരത്തിൽ തുടരാൻ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ ഇറാൻ നേതാക്കളെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും ഉൾപ്പെടെ വിവിധ നേതാക്കളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തുർക്കി, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും പ്രസംഗത്തിൽ പരാമർശങ്ങളുണ്ടായി.

 

നെതന്യാഹു പ്രസംഗപീഠത്തിലെത്തിയതോടെ പൊതുസഭയിൽ കൂവലും പ്രതിഷേധവും ഉയർന്നു. അതേസമയം, ഇസ്രയേൽ പ്രതിനിധികൾ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ കയ്യടിച്ച് പിന്തുണച്ചു. പ്രസംഗത്തെ ബഹിഷ്‌കരിച്ച പ്രതിനിധികളോട് രൂക്ഷമായ ഭാഷയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

 

ഇതിനിടെ യുഎൻ ആസ്ഥാനത്തിന് പുറത്ത് ഇസ്രയേലിനെതിരെ പ്രതിഷേധവും അരങ്ങേറി. ഹോളിവുഡ് താരം സൂസൻ സരണ്ടൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ന്യൂയോർക്ക് മേയറും ഇടതുപക്ഷ നേതാവുമായ സൊഹ്‌റാൻ മംദാനിക്കെതിരെയും നെതന്യാഹു ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. മംദാനിയെ ജൂതവിരുദ്ധനെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മേയറായി ചുമതലയേറ്റതിന് ശേഷം നഗരത്തിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും ആരോപിച്ചു. നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പുറപ്പെടുവിച്ച യുദ്ധക്കുറ്റ അറസ്റ്റ് വാറണ്ട് ന്യൂയോർക്കിൽ നടപ്പാക്കുമെന്ന് മംദാനി നേരത്തെ പറഞ്ഞിരുന്നു.

 

ഇറാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച നെതന്യാഹു, ഇറാൻ ഭരണകൂടത്തെ ‘കൊലയാളികൾ’ എന്ന് വിശേഷിപ്പിച്ചു. യുഎസ്–ഇസ്രയേൽ സഖ്യം കഴിഞ്ഞ ഏഴ് മാസമായി നടത്തിയ യുദ്ധത്തിൽ ഇറാന്റെ ആണവശേഷി തകർക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ഭരണകൂടത്തിന്റെ തകർച്ച വിദൂരമല്ലെന്നും നെതന്യാഹു പ്രസംഗത്തിൽ പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .