Loading time...
Global

ഡബ്ലിനിൽ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് ഉയരുന്നു; ജനുവരി മുതൽ 30 ശതമാനം വർധന.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Nov 2026, 7:28 am
Updated on: 22 Nov 2026, 7:28 am
Share:
Follow Us: YouTube
Feature Image

അയർലണ്ടിലെ ഡബ്ലിനിൽ താമസിക്കുന്ന കാർ ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുന്ന പുതിയ തീരുമാനം. വീടിന് സമീപം വാഹനം പാർക്ക് ചെയ്യുന്നതിനായി നഗരസഭയിൽനിന്ന് ലഭിക്കുന്ന റെസിഡന്റ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 30 ശതമാനം വർധിപ്പിക്കുകയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ. 2027 ജനുവരി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ച് വർഷത്തിലേറെയായി മാറ്റമില്ലാതെ തുടർന്നിരുന്ന നിരക്കിലാണ് ഇപ്പോൾ വർധന വരുന്നത്.

 

നിലവിൽ ഒരു വർഷത്തേക്കുള്ള പാർക്കിങ് പെർമിറ്റിന് 50 യൂറോയാണ് നൽകേണ്ടത്. ഇത് ജനുവരി മുതൽ 65 യൂറോയായി ഉയരും. രണ്ട് വർഷത്തേക്കുള്ള പെർമിറ്റിന്റെ നിരക്ക് 80 യൂറോയിൽനിന്ന് 105 യൂറോയിലേക്കും മാറും. വീടുകളിൽ സ്വന്തം പാർക്കിങ് സൗകര്യമില്ലാത്തവർക്കും പണമടച്ച് പാർക്കിങ് അനുവദിച്ചിട്ടുള്ള റോഡുകളിൽ താമസിക്കുന്നവർക്കുമാണ് ഇത്തരം പെർമിറ്റുകൾ പ്രധാനമായും ഉപയോഗപ്പെടുന്നത്.

 

ഇതുകൊണ്ടും നിരക്ക് വർധന അവസാനിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. വരും വർഷങ്ങളിൽ പണപ്പെരുപ്പം കണക്കിലെടുത്ത് ഉപഭോക്തൃ വിലസൂചികയായ സി.പി.ഐ അനുസരിച്ച് പെർമിറ്റ് നിരക്കുകളിൽ മാറ്റം വരുത്താനാണ് നഗരസഭയുടെ തീരുമാനം. അതായത് ഓരോ വർഷവും നിരക്ക് വർധിക്കാനും കുറയാനും സാധ്യതയുണ്ട്.

 

വാഹനങ്ങൾ പാർക്ക് ചെയ്യുന്ന മറ്റുള്ളവർക്കുള്ള മണിക്കൂർ നിരക്കുകളിലും ജനുവരി മുതൽ മാറ്റമുണ്ടാകും. നഗരത്തിലെ ഏറ്റവും തിരക്കേറിയ യെല്ലോ സോണിൽ ഒരു മണിക്കൂർ പാർക്കിങ്ങിന് നാല് യൂറോ നൽകിയിരുന്നത് 4.20 യൂറോയാകും. റെഡ് സോണിൽ 3.50 യൂറോയിൽനിന്ന് 3.70 യൂറോയിലേക്കും ഗ്രീൻ സോണിൽ രണ്ട് യൂറോയിൽനിന്ന് 2.10 യൂറോയിലേക്കും നിരക്ക് ഉയരും. ഓറഞ്ച് സോണിൽ 1.20 യൂറോ നൽകിയിരുന്നത് 1.30 യൂറോയാകും.

 

പാർക്കിങ് പെർമിറ്റ് നിരക്കിൽ ഇത്രയും കാലം മാറ്റമില്ലാതിരുന്നപ്പോൾ നഗരത്തിലെ മണിക്കൂർ പാർക്കിങ് നിരക്കുകൾ വർധിച്ചുവെന്നാണ് കൗൺസിലിന്റെ വിശദീകരണം. അതുകൊണ്ട് നിലവിലെ നിരക്കുകൾ പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് അധികൃതരുടെ നിലപാട്. നേരത്തെ വാർഷിക പെർമിറ്റ് നിരക്ക് 225 യൂറോ വരെ ഉയർത്താനുള്ള നിർദേശം ഉയർന്നിരുന്നെങ്കിലും കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് ആ പദ്ധതി അംഗീകരിക്കപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇപ്പോഴത്തെ താരതമ്യേന കുറഞ്ഞ വർധനയിലേക്ക് എത്തിയത്.

 

പുതിയ നിരക്കുകൾ സംബന്ധിച്ച വിവരങ്ങൾ അടുത്ത കൗൺസിൽ യോഗത്തിൽ അംഗങ്ങളെ അറിയിക്കും. അതേസമയം, ഡബ്ലിനിലെ റോഡുകളിലെ വേഗപരിധി കൂടുതൽ മേഖലകളിൽ മണിക്കൂറിൽ 30 കിലോമീറ്ററായി കുറയ്ക്കുന്നതിനുള്ള നിർദേശവും നഗരസഭ പരിഗണിക്കുന്നുണ്ട്.

 

പുതിയ പാർക്കിങ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഡബ്ലിനിൽ സ്വന്തം വാഹനമുള്ള താമസക്കാർ അവരുടെ വാർഷിക ചെലവിലും മാറ്റം വരുത്തേണ്ടിവരും. പ്രത്യേകിച്ച് വീടിന് സമീപം പാർക്കിങ് സൗകര്യത്തെ ആശ്രയിക്കുന്നവർക്ക് ഈ വർധന ചെറിയ ബാധ്യതയാകില്ല.