അയർലൻഡിലാണ് കുട്ടികൾക്ക് ലഭിച്ച മിഠായികൾക്കുള്ളിൽ ലോഹ പിൻ കണ്ടെത്തിയത്.
ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി വീടുകൾ കയറിയിറങ്ങി മിഠായികൾ ശേഖരിച്ച കുട്ടികളുടെ മിഠായികളിലാണ് പിൻ കണ്ടെത്തിയത്.
സ്ട്രാനോർലറിൽ താമസിക്കുന്ന സവന്ന മക്‌ഡെയ്ഡ് എന്ന യുവതിയുടെ മൂന്ന് വയസ്സുകാരനായ മകൻ ആർലോ ശേഖരിച്ച മിഠായികളിൽ നാലെണ്ണത്തിനുള്ളിലാണ് ചെറിയ ലോഹ പിൻ കണ്ടെത്തിയത്. രണ്ട് ചോക്ലേറ്റ് ബാറുകളിലും രണ്ട് ച്യൂയി മിഠായികളിലുമായിരുന്നു ഇവ.
മിഠായികൾ പരിശോധിക്കാൻ വീട്ടുകാർ ഫ്രിഡ്ജിലെ മാഗ്നറ്റ് ഉപയോഗിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് മിഠായികൾ തുറന്നുനോക്കിയപ്പോഴാണ് പൊതിക്കുള്ളിലൂടെ ലോഹ പിൻ കുത്തിവെച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ഇതിനുപുറമെ ബല്ലിബോഫെയിൽ താമസിക്കുന്ന ഫിലിപ്പ ഫാൾസിന്റെ മകൻ ജോഷ്വയ്ക്ക് ലഭിച്ച ചോക്ലേറ്റിലും ഒരു ലോഹ പിൻ കണ്ടെത്തി. എന്നാൽ ഈ പിൻ മാഗ്നറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ പോലും കണ്ടെത്താനായില്ല. ചോക്ലേറ്റ് കഴിക്കാൻ തുടങ്ങുന്നതിനിടെ വെളിച്ചം തട്ടിയപ്പോഴാണ് പിൻ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ കുട്ടികൾക്ക് ലഭിച്ച മിഠായികൾ പരിശോധിക്കണമെന്ന് അമ്മമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കുട്ടികളുടെ ജീവന് തന്നെ അപകടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
തുടർന്ന് അയർലാന്റിന്റെ പല ഭാഗങ്ങളിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി നിരവധിപേർ പരാതി ഉന്നയിച്ചു
പ്രാദേശിക കൗൺസിലർ ഡക്കോട്ട നിക് മിയാൻമാനും സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. കുട്ടികൾക്ക് മിഠായികൾ നൽകുന്ന ഇത്തരം ആഘോഷങ്ങളിൽ പോലും സുരക്ഷയെക്കുറിച്ച് മാതാപിതാക്കൾ ഭയപ്പെടേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പ്രതികരിച്ചു.
കുട്ടികളുടെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുകയാണ്.