ഓസ്റ്റിൻ കൊടുങ്കാറ്റിന്റെ ആഘാതം പൂർണമായി മാറും മുൻപേ അയർലണ്ടിനെ ആശങ്കയിലാഴ്ത്തി ബൂലോ കൊടുങ്കാറ്റ്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ, പടിഞ്ഞാറൻ മേഖലകളിലായിരിക്കും കൊടുങ്കാറ്റിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടുക. ബാങ്ക് ഹോളിഡേ വാരാന്ത്യത്തിലെ യാത്രകളെയും ആഘോഷങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കെറിയിലും, ഗാൽവേയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, ഡോണഗൽ, ഗാൽവേ, ലിട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകാനും വൈദ്യുതിബന്ധം തടസ്സപ്പെടാനും ഗതാഗതം മുടങ്ങാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകളും കടൽവെള്ളം കരയിലേക്ക് കയറുന്നതും ഭീഷണി ഉയർത്തുന്നു.
ഓസ്റ്റിൻ കൊടുങ്കാറ്റിനെത്തുടർന്ന് ലഭിച്ച മഴയിൽ മണ്ണ് ഇതിനകം വെള്ളം നിറഞ്ഞ നിലയിലായതും നദികളിലെ ജലനിരപ്പ് ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പുതിയതായി ശക്തമായ മഴ കൂടി എത്തുന്നതോടെ പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക സാധ്യത ഉയർന്നേക്കാം. ചെറിയ നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാനും മഴ കുറഞ്ഞ ശേഷവും വലിയ നദികളിൽ ജലനിരപ്പ് ഉയർന്നുതന്നെ നിൽക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള റോഡുകളിലും ജാഗ്രത പാലിക്കണം.
വടക്കൻ അയർലണ്ടിലും കാലാവസ്ഥാ മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്. ഡെറി, ആൻട്രിം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് യാത്രകളെയും വൈദ്യുതിവിതരണത്തെയും ബാധിച്ചേക്കാം. വാരാന്ത്യ യാത്രകൾക്ക് ഇറങ്ങുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.