ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള താമസകാലാവധി നിലവിലുള്ള അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമാക്കാനുള്ള നിർദേശത്തിനെതിരെയാണ് ഓൺലൈൻ നിവേദനവുമായി പ്രവാസികൾ രംഗത്തെത്തിയത്.
അയർലണ്ടിൽ വർഷങ്ങളായി നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവർക്ക് നിലവിലുള്ള അഞ്ച് വർഷത്തെ പൗരത്വ പാത തന്നെ തുടരാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.
ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഭേദഗതി ബിൽ 2026ന്റെ കരട് തയ്യാറാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. താമസകാലാവധി എട്ട് വർഷമാക്കുന്നതിന് പുറമെ ഇംഗ്ലീഷിലോ ഐറിഷിലോ ഉള്ള ഭാഷാപ്രാവീണ്യം, പൗരബോധം എന്നിവ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും നിർദേശങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഈ മാറ്റങ്ങൾ ഇപ്പോഴും നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല.
പുതിയ നിയമം വരുന്നതിന് മുമ്പ് അയർലണ്ടിൽ എത്തിയവർക്ക് നിലവിലുള്ള അഞ്ച് വർഷത്തെ പൗരത്വ പാത തുടരാൻ പ്രത്യേക സംരക്ഷണ വ്യവസ്ഥ ഉൾപ്പെടുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
അഞ്ച് വർഷത്തെ പൗരത്വ യോഗ്യത മുന്നിൽക്കണ്ട് അയർലണ്ടിലേക്ക് എത്തിയ ആയിരക്കണക്കിന് നഴ്സുമാരും ഡോക്ടർമാരും കെയർ വർക്കർമാരും എൻജിനീയർമാരും മറ്റ് തൊഴിലാളികളും വീടും ജോലിയും കുടുംബത്തിന്റെ ഭാവിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പൗരത്വത്തിനുള്ള കാലാവധി മൂന്ന് വർഷം കൂടി വർധിപ്പിക്കുന്നതിന് പിന്നിലെ പഠനമോ ആഘാത വിലയിരുത്തലോ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
പൗരത്വ നിയമത്തിൽ പരിഷ്കാരം ആവശ്യമാണെങ്കിൽ പോലും, ഇതിനകം അയർലണ്ടിൽ താമസിക്കുന്നവരെ പുതിയ നിയമത്തിന്റെ പേരിൽ പിന്നോട്ടടിക്കരുതെന്നാണ് പ്രവാസികളുടെ ആവശ്യം.
ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഗൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയാണ് ഓൺലൈൻ നിവേദനത്തിന്റെ ലക്ഷ്യം.
അയർലണ്ടിൽ ഇതിനകം നിയമപരമായി താമസിക്കുന്നവർക്ക് അഞ്ച് വർഷത്തെ പൗരത്വ പാത സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതൽ പേർ നിവേദനത്തിൽ ഒപ്പിടണമെന്നാണ് സംഘാടകരുടെ അഭ്യർഥന.