മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാക്കി ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം. യുഎസ് സൈനിക കേന്ദ്രത്തിലെ റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ചൊവ്വാഴ്ച നടന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർബേസിലുള്ള യുഎസ് സൈനിക റഡാർ സംവിധാനമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് ഐആർജിസിയുടെ വിശദീകരണം. മേഖലയിലെ യുഎസിന്റെ ശത്രുതാപരമായ നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആക്രമണസാധ്യത മുൻനിർത്തി ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ താമസക്കാർക്ക് മൊബൈൽ ഫോണുകൾ വഴി അധികൃതർ മുന്നറിയിപ്പ് നൽകി. ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങളും കേട്ടു. പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ അധികൃതർ സുരക്ഷാ മുന്നറിയിപ്പ് പിൻവലിച്ച് 'ഓൾ ക്ലിയർ' സന്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാന്റെ ലക്ഷ്യമായിരുന്നു. ഞായറാഴ്ച റിഫ എയർബേസിലെ യുഎസ് വ്യോമപ്രതിരോധ റഡാർ സംവിധാനത്തിന് നേരെ ആറ് ഡ്രോണുകൾ വിക്ഷേപിച്ചതായി ഐആർജിസി അറിയിച്ചിരുന്നു. വെള്ളിയാഴ്ചയും യുഎസ് ഏർലി വാണിങ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് രണ്ട് ഇറാനിയൻ ഡ്രോണുകളും തകർത്തതായും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു.
യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്റൈൻ മേഖലയിൽ തന്ത്രപ്രധാനമായ രാജ്യമാണ്. ഇറാൻ-യുഎസ് സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ സൈനിക കേന്ദ്രങ്ങളും കപ്പൽഗതാഗത പാതകളും വീണ്ടും ആക്രമണ ഭീഷണിയിലാകുന്നത് അന്താരാഷ്ട്ര തലത്തിലും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .