Loading time...
Global

ഇറാനിലെ ജനങ്ങൾ പോരാടാൻ പോകുന്നത് എപ്പോൾ? സർക്കാരിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ട്രംപ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Sep 2026, 8:09 am
Updated on: 2 Sep 2026, 8:17 am
Share:
Follow Us: YouTube
Feature Image

ഇറാനിലെ ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്ന നിലയിലാണെന്നും ട്രംപ് പറഞ്ഞു.

 

ഇറാനും അമേരിക്കയും തമ്മിലുള്ള ആക്രമണം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോൾ ഏതാണ്ട് പൂർണമായും അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു.

 

ഇറാനെ വീണ്ടും സമാധാന ചർച്ചകളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടും ട്രംപ് തള്ളി. ഇറാനുമായി പുതിയ കരാറിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഇറാനെതിരെ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

 

ഇറാനുമായുള്ള ഒരു കരാറിന് യാതൊരു വിലയുമില്ലെന്നും, അവർ കരാറിൽ ഒപ്പിട്ടാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും ട്രംപ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സമാധാനകരാറിനേക്കാൾ ഇറാൻ നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയാണ് താൻ കൂടുതൽ അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതിനിടെയാണ് ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ട്രംപ് നേരിട്ട് ആഹ്വാനം ചെയ്തത്. “എപ്പോഴാണ് ഇറാനിലെ ജനങ്ങൾ ഉയിർത്തെഴുന്നേൽക്കാൻ പോകുന്നത്, പ്രക്ഷോഭം നടത്തി പോരാടാൻ പോകുന്നത്?” എന്നാണ് ട്രംപ് ചോദിച്ചത്.

 

ഫെബ്രുവരിയിൽ ഇറാനെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിൽ അമേരിക്ക നിയന്ത്രണം സ്ഥാപിച്ചതായി ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇറാൻ ഈ വാദം തള്ളുകയാണ്. ഹോർമുസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇറാന്റെ നിലപാട്.

 

അമേരിക്ക നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ജോർദാൻ, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങൾക്കും ആസ്‌തികൾക്കും നേരെ ഇറാനും ആക്രമണം നടത്തിയിരുന്നു. ഇതോടെ ആഗോള വിപണിയിലും പ്രതിഫലനമുണ്ടായി. ചൊവ്വാഴ്ച അസംസ്കൃത എണ്ണവില ബാരലിന് നാല് ഡോളറിലധികം ഉയർന്ന് അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഹോർമുസിനെച്ചൊല്ലിയുള്ള തർക്കവും ഇതോടെ കൂടുതൽ രൂക്ഷമായി. ആഗോള ഊർജ വിതരണത്തിന് നിർണായകമായ ഈ കടൽപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞിരിക്കുകയാണ്.

അമേരിക്കയുടെ ആക്രമണങ്ങൾ ഹോർമുസിന് മേലുള്ള തങ്ങളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രതികരിച്ചത്.

 

ഗൾഫ് മേഖലയിലൂടെ എണ്ണ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് ഇറാനെ തടഞ്ഞാൽ മറ്റ് രാജ്യങ്ങളെയും അതിന് അനുവദിക്കില്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഇറാനുമായി മറ്റൊരു വെടിനിർത്തലിനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞു. ഇറാനുമായുള്ള കരാറുകൾക്ക് എഴുതിവെച്ച കടലാസിന്റെ വിലപോലുമില്ലെന്നും ഇനി ഇറാനുമുന്നിൽ അവസരങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .