Loading time...
Local

ഇൻസ്റ്റാഗ്രാം സൗഹൃദം ചതിക്കെണിയാകുന്നു; പെൺകുട്ടികളെ ലക്ഷ്യമിട്ട് വീണ്ടും ചൂഷണശ്രമം, മലയോര മേഖലയിൽ ആശങ്ക.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Nov 2026, 6:16 am
Updated on: 14 Nov 2026, 6:16 am
Share:
Follow Us: YouTube
Feature Image

സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കെണികൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കാനുള്ള ശ്രമങ്ങൾ മലയോര മേഖലയിൽ തുടർക്കഥയാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

 

2022-ലായിരുന്നു മലയോര മേഖലയിലെ രണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചത്. പിന്നീട് പെൺകുട്ടികളെ തളിപ്പറമ്പിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയി. മാതാവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

 

നാല് വർഷങ്ങൾക്കിപ്പുറം സമാനമായ രീതിയിലുള്ള മറ്റൊരു പോക്സോ കേസും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വലയിലാക്കാൻ ശ്രമിക്കുകയും ശാരീരികമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

 

രണ്ട് സംഭവങ്ങൾക്കുമിടയിൽ വർഷങ്ങളുടെ വ്യത്യാസമുണ്ടെങ്കിലും പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കാൻ ഉപയോഗിച്ച പ്രധാന മാർഗം ഇൻസ്റ്റാഗ്രാമായിരുന്നു. ആദ്യം സൗഹൃദം സ്ഥാപിക്കുക, പിന്നീട് പ്രണയം നടിച്ച് വിശ്വാസം നേടിയെടുക്കുക, ഒടുവിൽ ആ അടുപ്പം ദുരുപയോഗം ചെയ്യുക. ഇത്തരം രീതികൾ കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുകയാണ്.

 

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വർധിക്കുന്നതിനൊപ്പം ഓൺലൈൻ ചതിക്കെണികളും കുട്ടികൾക്ക് വലിയ വെല്ലുവിളിയാകുന്നു. അപരിചിതരുമായി നടത്തുന്ന സ്വകാര്യ ചാറ്റുകൾ, വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കൽ, നേരിൽ കാണാനുള്ള നിർബന്ധം എന്നിവയെല്ലാം അപകടസൂചനകളാകാം.

 

കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. കുട്ടികളെ നിയന്ത്രിക്കുന്നതിനപ്പുറം ഇത്തരം ചതിക്കെണികളെക്കുറിച്ച് ബോധവൽക്കരിക്കുകയും പ്രശ്നങ്ങൾ ഭയമില്ലാതെ തുറന്നുപറയാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയും വേണം.

 

പേരുകളും കാലവും മാറുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ കൗമാരക്കാരെ വലയിലാക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുകയാണ്. മതമോ ജാതിയോ പ്രദേശമോ നോക്കിയല്ല ഇത്തരം കുറ്റകൃത്യങ്ങളെ കാണേണ്ടത്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഗൗരവമായ സാമൂഹിക പ്രശ്നമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് വേണ്ടത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .