മുഖം വെളുപ്പിക്കാനും മുഖക്കുരുവും കറുത്ത പാടുകളും മാറ്റാനും ഉപയോഗിച്ച ഫെയർനെസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചതായി പരാതി. മലപ്പുറം അരീക്കോട് സ്വദേശിനിയായ പെൺകുട്ടിയുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതര രോഗാവസ്ഥയാണ് കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ട് ഓൺലൈനിലൂടെ വാങ്ങിയ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതാണ് സംഭവത്തിൽ ഞെട്ടലുണ്ടാക്കുന്നത്.
അരീക്കോട് ആസ്റ്റർ മിംസ് മദർ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗമാണ് കണ്ടെത്തിയത്. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്ന വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണിത്. പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായി ഉയർന്നതായി പരിശോധനയിൽ കണ്ടെത്തി.
തുടർന്ന് പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീം കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. അതായത് 12,500 പാർട്സ് പെർ മില്യൺ (PPM) മെർക്കുറി. സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറിയുടെ അളവ് ഒരു പി.പി.എം കവിയാൻ പാടില്ലെന്ന മാനദണ്ഡമുള്ളപ്പോഴാണ് ഇത്രയധികം അളവ് കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിൽ ഇൻഫ്ലുവൻസർമാർ പങ്കുവെച്ച പ്രചാരണ വീഡിയോകൾ കണ്ടാണ് പെൺകുട്ടി ക്രീമിനെക്കുറിച്ച് അറിഞ്ഞത്. മുഖക്കുരു, കറുത്ത പാടുകൾ, പിഗ്മെന്റേഷൻ തുടങ്ങിയവ മാറ്റാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. ഇൻസ്റ്റഗ്രാമിൽ നൽകിയിരുന്ന വാട്സ്ആപ്പ് നമ്പർ വഴി വിൽപ്പനക്കാരുമായി ബന്ധപ്പെട്ടാണ് ഉൽപ്പന്നം വാങ്ങിയത്. ആദ്യമായി ഉപയോഗിച്ചപ്പോൾ ഫലം ലഭിക്കുന്നതായി തോന്നിയതോടെ വീണ്ടും ക്രീം വാങ്ങി. ഏകദേശം ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ ഉപയോഗിച്ചതായാണ് പെൺകുട്ടി പറയുന്നത്.
പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചു. കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, ഓർമക്കുറവ്, രക്തസമ്മർദം പെട്ടെന്ന് താഴുക, ബോധക്ഷയം, കൈകാലുകളിലും മുഖത്തും നീര് എന്നിവ അനുഭവപ്പെട്ടു. കാലുകളിലെ നീർവീക്കം കാരണം നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ടുണ്ടായതോടെയാണ് ചികിത്സ തേടിയത്.
ചികിത്സയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. എസ്. ഗൗരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് മെർക്കുറി വിഷബാധയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയത്. മെർക്കുറി ശരീരത്തിലെത്തുന്നത് വൃക്കകളുടെ അരിപ്പകളെ തകരാറിലാക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ അമിതമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലാകാനും നാഡീവ്യൂഹത്തെ ബാധിക്കാനും സാധ്യതയുണ്ട്.
വിഷാംശം കുറയ്ക്കുന്നതിനുള്ള ചികിത്സയും മറ്റ് വിദഗ്ധ ചികിത്സകളും നൽകിയതോടെ പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കമ്പനിയെ അറിയിച്ചെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ലെന്നാണ് പെൺകുട്ടിയുടെ ആരോപണം. നിയമനടപടികൾ പരിഗണിക്കുന്നതിനാൽ ക്രീമിന്റെ പേര് കുടുംബം പരസ്യപ്പെടുത്തിയിട്ടില്ല.
മുഖം വെളുപ്പിക്കാമെന്നും ദിവസങ്ങൾക്കുള്ളിൽ സൗന്ദര്യം വർധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങളിൽ വിശ്വസിച്ച് ഉൽപ്പന്നങ്ങൾ വാങ്ങരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ചേരുവകൾ, നിർമാതാവിന്റെ വിവരങ്ങൾ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവ വ്യക്തമല്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് സോഷ്യൽ മീഡിയ പരസ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം വിദഗ്ധ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശം തേടണമെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .