ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യയിലുടനീളം, മലിനീകരണ തോത് ആശങ്കാജനകമായ രീതിയിൽ ഉയരുന്നതിനിടയിൽ, വടക്കേ ഇന്ത്യയിലുടനീളം വ്യാപിക്കുന്ന വിഷ പുകമഞ്ഞിന്റെ വ്യാപ്തി പകർത്തി നാസ ഉപഗ്രഹ ചിത്രങ്ങൾ. ചാരനിറത്തിലുള്ള ഒരു വലിയ മൂടൽമഞ്ഞ് വ്യാപിച്ചിരിക്കുന്നതായാണ് ചിത്രങ്ങളിൽ കാണുന്നത്.
ഇന്ത്യയുടെ അതിർത്തികൾക്കപ്പുറം അയൽരാജ്യമായ പാകിസ്ഥാനിലേക്ക് വ്യാപിച്ചിരിക്കുന്ന കട്ടിയുള്ള മൂടൽമഞ്ഞിനെയും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നുണ്ട്. ഇത് മലിനീകരണ പുതപ്പ് ഇന്ത്യൻ പ്രദേശത്ത് മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് സൂചിപ്പിക്കുന്നു. പാകിസ്ഥാന്റെ ചില ഭാഗങ്ങളും ചാരനിറത്തിലുള്ള മൂടൽമഞ്ഞിൽ മൂടപ്പെട്ടിരിക്കുകയാണ്.
നാസ വികസിപ്പിച്ച, വെബ് അധിഷ്ഠിത മാപ്പിംഗ്, വിഷ്വലൈസേഷൻ പ്ലാറ്റ്‌ഫോമായ 'നാസ വേൾഡ്‌വ്യൂ' നൽകുന്ന ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, നവംബർ 10-ന് ഇന്ത്യയുടെ വലിയൊരു ഭാഗം കട്ടിയുള്ള ചാരനിറത്തിലുള്ള മൂടൽമഞ്ഞാൽ മൂടപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഡൽഹി, ഉത്തർപ്രദേശ്, അയൽ സംസ്ഥാനങ്ങൾ എന്നിവ ഉൾപ്പെടുന്ന വടക്കേ ഇന്ത്യയിലാണ് മൂടൽമഞ്ഞ് ഏറ്റവും കനത്തതായി കാണപ്പെടുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുൾപ്പെടെയുള്ള ഹിമാലയൻ മേഖലകളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. മധ്യ, ദക്ഷിണ ഇന്ത്യയിലും മൂടൽമഞ്ഞ് കാണിക്കുന്നുണ്ടെങ്കിലും അത്ര തീവ്രമല്ലെന്നാണ് നിരീക്ഷകർ പറയുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയാണ് ഏറ്റവും കുറവ് ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്നതായി കാണപ്പെടുന്നത്.
ദീപാവലി ദിനമായ നവംബർ 8-ന്, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ കട്ടിയുള്ള മൂടൽമഞ്ഞ് വ്യാപിച്ചിരുന്നു. നവംബർ 9 ആയപ്പോഴേക്കും ഈ മൂടൽമഞ്ഞ് നേർക്കുകയും കൂടുതൽ ചിതറിയ നിലയിലാവുകയും ചെയ്തു. എന്നാൽ, നവംബർ 10-ഓടെ ഇത് രാജ്യത്തിന്റെ കൂടുതൽ വിശാലമായ ഭാഗങ്ങളിലേക്ക് വീണ്ടും വ്യാപിച്ചു.
അനുവദനീയമായ സമയപരിധിക്ക് ശേഷവും ആളുകൾ പടക്കങ്ങൾ പൊട്ടിച്ചതിനെത്തുടർന്നാണ്, ആകാശം കട്ടിയുള്ളതും ചാരനിറത്തിലുള്ളതുമായ പുകപടലത്താൽ മൂടപ്പെട്ട നിലയിൽ കാണപ്പെട്ടതെന്നുമാണ് അധികൃതർ പറയുന്നത്. ഇത് നിരവധി സംസ്ഥാനങ്ങളിൽ വായു ഗുണനിലവാര സൂചികയിൽ കുത്തനെ വർദ്ധനവിന് കാരണമായി. ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂഡൽഹിയെയാണ്. വായുവിന്റെ ഗുണനിലവാരം മോശമായത് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. റോഡുകളിലെ കാഴ്ചാപരിധി കുറയുന്നുവെന്നും, കണ്ണുകൾക്കും തൊണ്ടയ്ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.