Loading time...
Local

13,629 അടി ഉയരത്തിൽ ചരിത്രനേട്ടം; ലഡാക്കിലെ ന്യോമയിൽ ഐ.എൽ-76 വിമാനം ഇറക്കി വ്യോമസേന

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 8 Nov 2026, 8:16 am
Updated on: 8 Nov 2026, 8:16 am
Share:
Follow Us: YouTube
Feature Image

 

ന്യൂഡൽഹി: സമുദ്രനിരപ്പിൽനിന്ന് 13,629 അടി ഉയരത്തിലുള്ള ലഡാക്കിലെ ന്യോമ വ്യോമത്താവളത്തിൽ ഐ.എൽ-76 എം.ഡി (IL-76MD) ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിമാനം വിജയകരമായി ഇറക്കി ഇന്ത്യൻ വ്യോമസേന. ലോകത്ത് ഈ വിഭാഗത്തിലുള്ള വിമാനം ഇറക്കിയിട്ടുള്ള ഏറ്റവും ഉയർന്ന വ്യോമത്താവളമെന്ന നേട്ടവും ഇതോടെ ന്യോമ സ്വന്തമാക്കി. വിജയകരമായ ലാൻഡിങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ചു.

 

ദുഷ്കരമായ ഭൂപ്രകൃതിയും ഉയർന്ന പ്രദേശത്തെ കാലാവസ്ഥാ സാഹചര്യങ്ങളും വെല്ലുവിളിയായ ദൗത്യം കൃത്യതയോടെയാണ് വ്യോമസേന പൂർത്തിയാക്കിയത്. ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ കഴിവിനെയും പ്രൊഫഷണലിസത്തെയും വ്യോമസേന അഭിനന്ദിച്ചു. രാജ്യത്തിന്റെ തന്ത്രപരമായ വ്യോമഗതാഗത ശേഷി വർധിപ്പിക്കുന്നതിൽ ഈ നേട്ടം നിർണായകമാകുമെന്നും സേന വ്യക്തമാക്കി.

 

കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമാണ് ന്യോമ വ്യോമത്താവളം സ്ഥിതി ചെയ്യുന്നത്. അതിനാൽ സൈനികപരമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. ഉയർന്ന പ്രദേശത്തെ വായുവിന്റെ സാന്ദ്രത കുറവും പരിമിതമായ റൺവേ സൗകര്യങ്ങളും വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിനെ സങ്കീർണമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐ.എൽ-76 എം.ഡി വിമാനം വിജയകരമായി ഇറക്കാനായത് വ്യോമസേനയുടെ പ്രവർത്തനശേഷിക്ക് വലിയ നേട്ടമാണ്.

 

റഷ്യൻ നിർമിതമായ നാല് എൻജിനുകളുള്ള ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിമാനമാണ് ഐ.എൽ-76 എം.ഡി. സൈനികർ, ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ ശേഷിയുള്ള ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ വ്യോമഗതാഗത സംവിധാനത്തിലെ പ്രധാന ഘടകമാണ്. ന്യോമയിലെ പുതിയ നേട്ടം അതിർത്തി മേഖലകളിൽ സൈനിക വിന്യാസവും ചരക്കുനീക്കവും കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .