Loading time...
Global

ഹോർമൂസിൽ നിർണായക നീക്കം; സംയുക്ത ഷിപ്പിങ് കോറിഡോറിന് ചർച്ചകൾ സജീവം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Aug 2026, 7:40 am
Updated on: 28 Aug 2026, 7:40 am
Share:
Follow Us: YouTube
Feature Image

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ താല്‍ക്കാലിക കപ്പല്‍ പാത തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി.

ഖത്തറും ഇറാനും തമ്മില്‍ സംയുക്ത താല്‍ക്കാലിക ഷിപ്പിങ് കോറിഡോര്‍ സ്ഥാപിക്കുന്നതും മൈന്‍ ക്ലിയറിങ് പദ്ധതി നടപ്പാക്കുന്നതും പരിഗണനയില്‍. നാവിഗേഷന്‍ സ്വാതന്ത്ര്യവും സമുദ്രപാതയുടെ സുരക്ഷയും ഉറപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ ടെഹ്‌റാനില്‍ പുരോഗമിക്കുകയാണ്. ഹോര്‍മുസ് വീണ്ടും സുരക്ഷിത സമുദ്രപാതയാകുമെന്ന പ്രതീക്ഷയിലാണ് ആഗോള സമൂഹം.

 

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളാണ് ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ താല്‍ക്കാലിക കപ്പല്‍ പാത തുറക്കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്ക് തുടക്കമായി. ലോകത്തെ പ്രധാനപ്പെട്ട ഊര്‍ജ വിതരണ പാതകളിലൊന്നായ ഹോര്‍മുസിലെ തടസ്സങ്ങള്‍ നീക്കി നാവിഗേഷന്‍ സ്വാതന്ത്ര്യവും പ്രാദേശിക സുസ്ഥിരതയും വീണ്ടെടുക്കാനുള്ള നയതന്ത്ര ശ്രമങ്ങളാണ് ടെഹ്‌റാനില്‍ പുരോഗമിക്കുന്നത്.

 

ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗച്ചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ആഗോള സാമ്പത്തിക-വ്യാപാര മേഖലയില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കൂടിക്കാഴ്ചയെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ സംയുക്ത താല്‍ക്കാലിക ഷിപ്പിങ് കോറിഡോര്‍ സ്ഥാപിക്കുന്നതും, സമുദ്രപാത സുരക്ഷിതമാക്കാന്‍ സംയുക്ത മൈന്‍ ക്ലിയറിങ് പദ്ധതി നടപ്പാക്കുന്നതുമാണ് പ്രധാനമായും പരിഗണനയിലുള്ളത്.

 

അയല്‍രാജ്യങ്ങളുടെ പരമാധികാരത്തെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഖത്തര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് ഇറാന്‍ അനുകൂലമായാണ് പ്രതികരിച്ചത്. നേരത്തെ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച ചരക്കുനീക്കം വീണ്ടും പുനരാരംഭിക്കുന്നതിലേക്ക് ഈ ചര്‍ച്ചകള്‍ വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍.

 

മേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ലഘൂകരിക്കാനും ഖത്തര്‍, ഒമാന്‍, പാക്കിസഥാന്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന സംയുക്ത നയതന്ത്ര നീക്കങ്ങളും ഫലം കാണുന്നുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസഈദിയുടെ അടുത്തിടെയുള്ള ഇറാന്‍ സന്ദര്‍ശനവും ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പായിരുന്നു.

 

അതേസമയം, കടലിടുക്കിലെ കപ്പല്‍ ഗതാഗത വരുമാനം പങ്കിടുന്നതിലും സുരക്ഷാ ക്രമീകരണങ്ങളിലുമെല്ലാം ധാരണയിലെത്താനുള്ള അവസാനഘട്ട ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂണിലെ ധാരണാപത്രം തകരുകയും ഉപരോധങ്ങള്‍ കടുക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലായ രാജ്യാന്തര എണ്ണ വിപണിക്ക് ഈ നീക്കങ്ങള്‍ വലിയ ആശ്വാസമാകും.

 

തര്‍ക്കങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിച്ച് ഹോര്‍മുസ് കടലിടുക്ക് വീണ്ടും സുരക്ഷിത സമുദ്രപാതയായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ആഗോള സമൂഹം. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന നിര്‍ണായക കൂടിയാലോചനകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അനുകൂലമായ തീരുമാനങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .