Loading time...
Global

ഹിസ്ബുള്ളയുടെ ആയുധക്കടത്ത് തടഞ്ഞ് സിറിയ. ഇറാഖ് സിറിയ അതിർത്തിയിൽ വൻ ആയുധ വേട്ട.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Jul 2026, 5:42 pm
Updated on: 18 Jul 2026, 5:42 pm
Share:
Follow Us: YouTube
Feature Image

സിറിയ ഇറാഖ് അതിർത്തിയിൽ സിറിയൻ സുരക്ഷാസേന നടത്തിയ കർശനമായ പരിശോധനയിൽ വൻ ആയുധശേഖരം പിടികൂടി. ഇറാഖിൽ നിന്നും സിറിയൻ അതിർത്തി വഴി കടത്താൻ ശ്രമിച്ച അത്യാധുനിക മിസൈലുകളും ഡ്രോണുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

ലെബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയ്ക്ക് കൈമാറാൻ ലക്ഷ്യമിട്ടെത്തിച്ച ആയുധങ്ങളാണ് ഇവയെന്ന് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.

 

ഈ ആയുധവേട്ട സിറിയയുടെ മാറിയ വിദേശനയത്തിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. സിറിയൻ ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവരങ്ങൾ പ്രകാരം സിറിയൻ തുറമുഖ നഗരമായ ബനിയാസിലേക്ക് പോവുകയായിരുന്ന ഒരു ഓയിൽ ടാങ്കർ ട്രക്കിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഈ ആയുധങ്ങൾ. അൽ തൻഫ് അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

 

അത്യാധുനിക മിസൈലുകൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ എന്നിവയ്ക്ക് പുറമേ സ്ഫോടകവസ്തുക്കൾ നിറച്ച നൂറ്റിഅൻപതോളം അത്യാധുനിക ഡ്രോണുകളും ട്രക്കിൽ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഉപയോഗിക്കാൻ കൊണ്ടുവന്ന ഈ ആയുധങ്ങൾ പിടിച്ചെടുത്തതിലൂടെ മേഖലയിൽ ഒരു പുതിയ യുദ്ധത്തിനില്ലെന്ന നിലപാടാണ് സിറിയ വ്യക്തമാക്കുന്നത്.

 

മുൻ ഭരണാധികാരി ബഷാർ അൽ അസദിന്റെ കാലത്ത് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇറാനിയൻ ആയുധങ്ങൾ ലെബനനിലേക്ക് കടത്താനുള്ള പ്രധാന പാതയായിരുന്നു സിറിയ. എന്നാൽ അസദിന്റെ പതനത്തിനു ശേഷം അധികാരമേറ്റ അഹമ്മദ് അൽ ഷാറായുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ യു.എസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിനില്ലെന്നും നയതന്ത്രപരമായ ചർച്ചകളിലൂടെ മുന്നോട്ട് പോകാനുമാണ് താല്പര്യപ്പെടുന്നത്.

 

അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ച് രാജ്യത്തെ പുനർനിർമ്മിക്കുക എന്നതാണ് പുതിയ സർക്കാരിന്റെ ലക്ഷ്യം.

ഭീകര സംഘടനയായ ഹിസ്ബുള്ളയെ നേരിടുന്നതുമായി ബന്ധപ്പെട്ട് സിറിയൻ പ്രസിഡന്റുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ജൂണിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിലെ സുരക്ഷാസേനയുടെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടായത്.

യു.എസും ഇസ്രായേലുമായി ശത്രുത ഒഴിവാക്കി, അതിർത്തിയിലെ ആയുധക്കടത്ത് പൂർണ്ണമായും തടയുമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ കർശന നടപടികൾ തുടരുമെന്നും സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.