ഗാസയിൽ നടത്തിയ സൈനിക നീക്കത്തിനിടെ ഹമാസിന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ പിടികൂടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. ഗാസയിലെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ തലവനെയാണ് പിടികൂടിയതെന്നും, കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും നെതന്യാഹു പറഞ്ഞു.
പിടിയിലായത് ഹമാസ് നേതാവ് മുഈൻ അൽ അറബീദാണെന്നാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. വടക്കൻ ഗാസയിൽ ഹമാസിന്റെ നിയന്ത്രണം ശക്തമാക്കാനും ഇസ്രായേൽ സൈന്യത്തിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അറബീദ് അടുത്തിടെ പ്രവർത്തിച്ചിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യവും ഷിൻ ബെറ്റും സംയുക്തമായി അറിയിച്ചത്. ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഇസ്രായേലിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, കരസേനാ നീക്കത്തിനൊപ്പം ഇസ്രായേൽ ശക്തമായ വ്യോമാക്രമണങ്ങളും നടത്തിയിരുന്നു. സൈനികർ നേരിടുന്ന ഭീഷണികൾ ഒഴിവാക്കാനാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിശദീകരണം.
ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറൻ ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസിയും ഷിഫാ ആശുപത്രിയും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സ്ത്രീ മുഈൻ അൽ അറബീദിന്റെ ഭാര്യയാണെന്നാണ് പലസ്തീൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. കനത്ത വെടിവെപ്പും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായും, മൂന്ന് മിനിറ്റിനിടെ അഞ്ചിലധികം വ്യോമാക്രമണങ്ങൾ നടന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.
എന്നാൽ, ഹമാസിന്റെ പ്രമുഖ നേതാവിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ദൗത്യം പരാജയപ്പെട്ടെന്നാണ് ഗാസയിലെ സുരക്ഷാ വൃത്തങ്ങളുടെ അവകാശവാദം. ഇസ്രായേൽ പ്രത്യേക സേന മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുകയായിരുന്നുവെന്നും, സ്ഥലത്തുണ്ടായിരുന്ന താഴ്ന്ന റാങ്കിലുള്ള മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഹമാസ് വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു.
അതിനിടെ, മധ്യ ഗാസയിലെ ദേർ അൽ ബലായിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരു പെൺകുട്ടിയടക്കം രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി അൽ അഖ്സ ആശുപത്രി അധികൃതർ അറിയിച്ചു.
യു.എസ് പിന്തുണയുള്ള വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ 1,326 പേർ കൊല്ലപ്പെട്ടതായാണ് ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതേ കാലയളവിൽ അഞ്ച് സൈനികരും ഒരു സിവിലിയൻ കോൺട്രാക്ടറും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .