Loading time...
Global

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Oct 2026, 1:51 pm
Updated on: 24 Oct 2026, 1:51 pm
Share:
Follow Us: YouTube
Feature Image

ഫ്രാൻസിൽ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പാരീസിന് സമീപം വെടിവെപ്പ്. ട്രാപ്പസ് നഗരത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കാറിലെത്തിയ അക്രമി വഴിയരികിൽ കണ്ടവർക്ക് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്ഥിരീകരിച്ചു.

 

വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം. 39 വയസ്സുള്ള പ്രതി കൂടുതൽ ആളുകളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിലൂടെ വാഹനമോടിച്ച് വെടിവെപ്പ് നടത്തിയതെന്ന് ട്രാപ്പസ് മേയർ അലി റബേ പറഞ്ഞു. ഹെൽത്ത് സെന്റർ, പെട്രോൾ പമ്പ്, നിരവധി വാഹനങ്ങൾ എന്നിവയ്ക്കു നേരെയും ഇയാൾ വെടിയുതിർത്തു. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും പരിക്കേറ്റവരിൽ 12 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

രണ്ടാം ലോകമഹായുദ്ധകാലത്തേതെന്ന് കരുതുന്ന പഴയ സെമി ഓട്ടോമാറ്റിക് തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ റിപ്പോർട്ട് ചെയ്തു. ട്രാപ്പസിന് സമീപമുള്ള കൊയ്‌നിയേഴ്‌സിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ അന്വേഷണം ഫ്രാൻസിലെ ദേശീയ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് ഏറ്റെടുത്തിട്ടുണ്ട്. ഭീകരസംഘടനകളുമായുള്ള ഗൂഢാലോചന, മാരകായുധങ്ങൾ കൈവശംവെക്കൽ തുടങ്ങിയ കുറ്റങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

 

ആക്രമണത്തിന്റെ യഥാർഥ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരിൽ രണ്ടുപേരുടെ ആഫ്രിക്കൻ പശ്ചാത്തലം ആക്രമണത്തിന് കാരണമായിട്ടുണ്ടോ എന്ന സംശയവും മേയർ ഉന്നയിച്ചു. സംഭവത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.