Loading time...
Global

ഫ്രാൻസിൽ പ്രതിഷേധം അക്രമാസക്തം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 22 Oct 2026, 5:33 am
Updated on: 22 Oct 2026, 5:33 am
Share:
Follow Us: YouTube
Feature Image

ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി പാരിസിലെ ഇന്ത്യൻ എംബസി.

 

ഫ്രാൻസിൽ താമസിക്കുന്നവരും രാജ്യം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവരും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും ജനത്തിരക്കുള്ള മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് എംബസി നിർദേശിച്ചു. പ്രാദേശികമായി ഏർപ്പെടുത്തിയ കർഫ്യൂകളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അറിയിപ്പിൽ പറയുന്നു.

 

ഫ്രാൻസിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ബുധനാഴ്ച വൈകിട്ടാണ് എംബസി നിർദേശം പുറപ്പെടുവിച്ചത്. വിവിധ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളിൽ മാറ്റങ്ങളോ തടസ്സങ്ങളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഔദ്യോഗിക അറിയിപ്പുകൾ പതിവായി പരിശോധിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. ഫോൺ: +33 6 48 34 00 63. ഇ-മെയിൽ: cgo.marseille@mea.gov.in.

 

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2,500 പേരിൽ 174 പേരെ ജയിലിലടച്ചതായും 917 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായും ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ അംഗീകരിച്ച പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സൈന്യത്തെ വിന്യസിക്കുമെന്നും അറിയിച്ചതായാണ് വിവരം.

 

അതിനിടെ, സമാനമായ സാഹചര്യത്തിൽ ഇറ്റലിയിലും ഇന്ത്യൻ പൗരന്മാർക്ക് എംബസി സുരക്ഷാ നിർദേശം നൽകിയിരുന്നു. അവിടെയും ജീവിതച്ചെലവ് വർധനയ്ക്കും പൊതുസേവനങ്ങളുടെ നിലവാരത്തകർച്ചയ്ക്കുമെതിരെ പ്രതിഷേധങ്ങൾ തുടരുകയാണ്. പ്രതിഷേധ മേഖലകളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കാനും പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കാനും ഇറ്റലിയിലെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .