Loading time...
Global

ആക്രമികളുടെ അഴിഞ്ഞാട്ടത്തിൽ പൊറുതിമുട്ടി യൂറോപ്പ്; ഫ്രാൻസിൽ തെരുവുകൾ കലാപഭൂമിയായി, പ്രതിഷേധം ഇറ്റലിയിലേക്കും

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Oct 2026, 6:41 am
Updated on: 19 Oct 2026, 6:41 am
Share:
Follow Us: YouTube
Feature Image

ഒരു സാധാരണ പ്രതിഷേധം എങ്ങനെ തെരുവുകളെ സംഘർഷഭൂമിയാക്കി മാറ്റും? അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഫ്രാൻസിൽനിന്ന് പുറത്തുവരുന്നത്. കുതിച്ചുയരുന്ന ജീവിതച്ചെലവും ഇന്ധനവിലയും പൊതുസേവനങ്ങളുടെ നിലവാരത്തിലുള്ള അതൃപ്തിയും ജനങ്ങളെ തെരുവിലിറക്കിയതോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമായി. അതിനിടയിൽ അവസരം കത്തിരുന്ന, അക്രമ സ്വഭാവമുള്ള അഭയാർത്ഥികളുടെ വലിയൊരു കൂട്ടം കൂടി ചേർന്നപ്പോൾ കടകൾക്ക് നേരെ ആക്രമണം, വാഹനങ്ങൾക്ക് തീയിടൽ, പൊലീസുമായുള്ള ഏറ്റുമുട്ടൽ—പ്രതിഷേധം പല സ്ഥലങ്ങളിലും അക്രമത്തിലേക്ക് വഴിമാറി.

 

ജീവിതച്ചെലവ് തന്നെ പ്രധാന വില്ലൻ

 

നിത്യജീവിതത്തിലെ ചെലവുകൾ വർധിക്കുന്നതിനൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും സർക്കാർ ചെലവുചുരുക്കൽ നടപടികളോടുള്ള എതിർപ്പും പ്രതിഷേധത്തിന് ശക്തിപകർന്നതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളും തൊഴിലാളി സംഘടനകളും ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ തെരുവിലിറങ്ങിയതോടെ ഫ്രാൻസിലെ പ്രധാന നഗരങ്ങളിൽ ജനജീവിതം തടസ്സപ്പെട്ടു.

 

പാരിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തതോടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കേണ്ട സാഹചര്യമുണ്ടായി. ലിമോജസിലെ ചരിത്രപ്രാധാന്യമുള്ള നഗരസഭാ മന്ദിരത്തിനും തീപിടിത്തത്തിൽ ഗുരുതരമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

 

ഫ്രാൻസിൽ മാത്രം ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന കണക്കുകൾ. എന്നാൽ സമാധാനപരമായി പ്രതിഷേധിച്ചവരും അക്രമത്തിൽ ഏർപ്പെട്ടവരും ഒരുപോലെയല്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. പ്രതിഷേധത്തിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കുന്ന നടപടികളെ സർക്കാർ ശക്തമായി വിമർശിച്ചു.

 

ഇറ്റലിയിലും പ്രതിഷേധം ശക്തമാകുന്നു

 

ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ നഗരങ്ങളിലും ജീവിതച്ചെലവിനെതിരായ ജനരോഷം പ്രകടമായി. മിലാനിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും സംഘർഷം നിയന്ത്രിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ബൊലോഞ്ഞയിൽ പൊലീസ് ജലപീരങ്കിയും ഉപയോഗിച്ചു.

 

വിലക്കയറ്റം, കുറഞ്ഞ വേതനം, പൊതുജനാരോഗ്യ സംവിധാനത്തിലെ അപര്യാപ്തത, സർക്കാർ സ്കൂളുകളുടെ അവസ്ഥ തുടങ്ങിയ വിഷയങ്ങളാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്നത്. മിലാനിലെ പ്രധാന വിനോദസഞ്ചാര-വാണിജ്യ മേഖലകളിലും സംഘർഷം അനുഭവപ്പെട്ടതോടെ ചില കടകൾ അടയ്ക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

 

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ അംഗീകരിച്ചെങ്കിലും അക്രമത്തെയും പൊതുമുതൽ നശിപ്പിക്കുന്നതിനെയും അപലപിച്ചു. അക്രമസംഭവങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.

 

യൂറോപ്പിന് മുന്നിലുള്ള വെല്ലുവിളി

 

ഫ്രാൻസിലും ഇറ്റലിയിലും ഉയരുന്ന പ്രതിഷേധങ്ങൾ ഓരോ രാജ്യത്തെയും ആഭ്യന്തര പ്രശ്നങ്ങൾ മാത്രമല്ല, യൂറോപ്പിലെ സാധാരണക്കാരുടെ സാമ്പത്തിക സമ്മർദവും വ്യക്തമാക്കുന്നതാണ്. വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം വർധിക്കുമ്പോൾ ജനങ്ങളുടെ അതൃപ്തി രാഷ്ട്രീയ പ്രതിഷേധമായി മാറുകയാണ്.

 

എന്നാൽ ഈ പ്രതിഷേധങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ, അതോ സർക്കാർ നടപടികളിലൂടെ സംഘർഷം നിയന്ത്രിക്കാനാകുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. ജനങ്ങളുടെ സാമ്പത്തിക ആശങ്കകൾക്ക് പരിഹാരം കാണുന്നതിനൊപ്പം അക്രമം തടയുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ട ഇരട്ട വെല്ലുവിളിയാണ് യൂറോപ്യൻ ഭരണകൂടങ്ങൾക്ക് മുന്നിലുള്ളത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .