മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി മുൻകൂർ പണം വാങ്ങിയിട്ടും ജോലി പൂർത്തിയാക്കാതെ കരാറുകാരൻ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് എലിസബത്ത് പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി പരിശോധിച്ച ഉദ്യോഗസ്ഥൻ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തണമെന്നായിരുന്നു ഫോണിലൂടെ നിർദേശിച്ചത്.
വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ഏർപ്പെടുത്തിയ വ്യക്തി പണം മുൻകൂറായി കൈപ്പറ്റിയ ശേഷം ജോലി പൂർത്തിയാക്കിയിരുന്നില്ല. പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടാകാത്തതോടെയാണ് എലിസബത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് ഇ-മെയിൽ വഴി പരാതി നൽകിയത്. പരാതിയിൽ തന്റെ പേരിനൊപ്പം 'വൈഫ് ഓഫ് എ.കെ. ആന്റണി' എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ പരാതിക്കാരിയുടെ വ്യക്തിത്വം ശ്രദ്ധിക്കാതെ ഉദ്യോഗസ്ഥൻ ഫോണിൽ ബന്ധപ്പെട്ട് ഭർത്താവിനെയും കൂട്ടി സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ ഭാര്യയാണെന്ന് മനസ്സിലായതോടെയാണ് സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായത്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൺ ബി. കൃഷ്ണ വിഷയത്തിൽ ഇടപെട്ടു. എലിസബത്തിനെ നേരിൽക്കണ്ട് ക്ഷമാപണം നടത്താൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകി. എന്നാൽ നേരിട്ടെത്തി ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് അറിയിച്ച് എലിസബത്ത് അതിന് തയ്യാറായില്ല. അതേസമയം, പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിക്കുകയും അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത വ്യക്തിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മുടങ്ങിയ ജോലി എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു.
സംഭവം പുറത്തുവന്നതോടെ സാധാരണക്കാരുടെ പരാതികളിൽ പൊലീസ് സ്വീകരിക്കുന്ന സമീപനവും സ്വാധീനമുള്ളവരുടെ പരാതികളിൽ ഉണ്ടാകുന്ന ഇടപെടലുകളും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി. പരാതിക്കാരിയുടെ പേര് തിരിച്ചറിഞ്ഞ ശേഷമാണ് ഉന്നതതല ഇടപെടലും ക്ഷമാപണ നിർദേശവും ഉണ്ടായതെന്നതാണ് പ്രധാന വിമർശനം.
ഒരു സാധാരണ സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന പരിഗണനയും സ്വാധീനമുള്ള വ്യക്തിയുടെ കുടുംബാംഗത്തിന് ലഭിക്കുന്ന പരിഗണനയും ഒരുപോലെയാണോ എന്ന ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്. പരാതിക്കാരിയുടെ സാമൂഹികമോ രാഷ്ട്രീയമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാവരുടെയും പരാതികൾക്ക് ഒരേ ഗൗരവത്തോടെയും മാന്യതയോടെയും പരിഗണന ലഭിക്കണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമാകുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .