മാസപ്പടി - ഹവാല ആരോപണങ്ങളിൽ രണ്ട് എഫ്ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്ന്, അഴിമതി നിരോധന നിയമപ്രകാരവും രണ്ട്, കള്ളപ്പണ-ഹവാല ഇടപാടുമായി ബന്ധപ്പെട്ടുമാണ്. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ED യുടെ റിപ്പോർട്ടിൽ പരാമർശിച്ച കറൻസി നോട്ടുകളുടെ നമ്പറുകൾ, വാട്സ്ആപ്പ് ചാറ്റുകൾ, ദുബായിലേക്കുള്ള പണമിടപാടുകൾ എന്നിവ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ 15 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാസപ്പടി- എക്സാലോജിക് കേസിൽ 7 പ്രതികളാണുള്ളത്. പിണറായി വിജയൻ ഒന്നാം പ്രതിയാണ്. മകൾ ടി വീണ രണ്ടാം പ്രതിയും. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ പി എ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി വീണ രണ്ടാം പ്രതിയുമാണ്.
ഇവർക്ക് പുറമെ എക്സാലോജിക് കമ്പനി, സി എം ആർ എൽ എം ഡി ശശിധരൻ കാർത്ത, ഉദ്യോഗസ്ഥൻ പി സുരേഷ് കുമാർ, എംപവർ ഇന്ത്യ എന്ന കമ്പനി, ഷൈജൽ, നിഖിൽ, ഹസൻ വാരിസ്, ഫൈജാസ്, നന്തുലാൽ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
സി എം ആർ എൽ, ഐ ടി സേവനത്തിന്റെ മറവിൽ എക്സാലോജിക്കിന് മൂന്ന് കോടിയിലധികം രൂപ നൽകിയെന്നും ആ പണം ദുബായിലേക്ക് ഹവാല വഴി കടത്തിയെന്നുമാണ് ഇ ഡി യുടെ പ്രധാന കണ്ടെത്തൽ. കേസിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിക്കും.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .