Loading time...
Global

എബോള ഭീതിയിൽ കെനിയ. എട്ടാമത്തെ കേസ് സ്ഥിരീകരിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Oct 2026, 8:02 am
Updated on: 20 Oct 2026, 8:02 am
Share:
Follow Us: YouTube
Feature Image

കെനിയയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കേസാണിത്. ആശുപത്രിയിൽ രോഗികളുടെ പാത്രങ്ങളും വസ്ത്രങ്ങളും വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന 49-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ 38 സാമ്പിൾ പരിശോധനകളിൽ ഒന്നാണ് പോസിറ്റീവായതെന്ന് ഹെൽത്ത് ഡയറക്ടർ ജനറൽ പാട്രിക് അമോത്ത് അറിയിച്ചു. 

 

ഒക്ടോബർ അഞ്ചിന് കെനിയയിൽ റിപ്പോർട്ട് ചെയ്‌ത ആദ്യ എബോള രോഗിയിൽ നിന്നാകാം ഇയാൾക്കും വൈറസ് പടർന്നതെന്നാണ് കരുതുന്നത്. ശനിയാഴ്‌ച പനിയും തലവേദനയും പ്രകടമായതിനെ തുടർന്ന് ഇയാളെ ക്വാറന്റ്റീനിലേക്ക് മാറ്റി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 

 

അതേസമയം, രാജ്യത്ത് രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആദ്യ രോഗിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ പടർന്നുപിടിക്കുന്ന ബുണ്ടിബുഗ്യോ എന്ന ഇനത്തിൽപ്പെട്ട എബോള വൈറസിനെതിരെ നിർദ്ദിഷ്‌ട വാക്‌സിനുകളോ പ്രത്യേക ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ലെന്നത് വെല്ലുവിളിയാകുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാസങ്ങളായി തുടരുന്ന എബോള വ്യാപനമാണ് അയൽരാജ്യമായ കെനിയയിലേക്കും പടർന്നത്. കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ അതിർത്തികളിൽ കർശന പരിശോധനയും യാത്രാവിലക്കുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകളും  അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

 

ശരിയായ മുൻകരുതൽ എടുത്താൽ രോഗ വ്യാപനം തടയാം എന്നാണ് അധികൃതർ വ്യകതമാക്കുന്നത്. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .