Loading time...
Global

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയുമായി യുഎഇ . 90 ദിവസം വരെ താമസിക്കാം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 16 Sep 2026, 5:42 am
Updated on: 16 Sep 2026, 5:42 am
Share:
Follow Us: YouTube
Feature Image

ദുബായിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പുതിയ വീസ അനുവദിക്കുന്നത്. ബിസിനസ്, കുടുംബ ആവശ്യങ്ങൾ, വിനോദയാത്ര എന്നിവയ്ക്കായി ഇടയ്ക്കിടെ യുഎഇയിലെത്തുന്നവർക്ക് ഈ വീസ ഉപയോഗിക്കാം. സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ തന്നെ യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.

 

വീസയിൽ ഒരു തവണ 90 ദിവസം വരെ യുഎഇയിൽ താമസിക്കാം. നിബന്ധനകൾ പാലിച്ചാൽ 90 ദിവസം കൂടി നീട്ടാം. എന്നാൽ ഒരു വർഷത്തിനിടെ ആകെ 180 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ കഴിയില്ല. ആദ്യ പ്രവേശനം വീസ അനുവദിച്ച ശേഷം രണ്ട് മാസത്തിനുള്ളിൽ നടത്തണം. ആവശ്യമെങ്കിൽ ഈ കാലാവധി രണ്ട് മാസം കൂടി നീട്ടാം.

 

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, പുതിയ ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ്, മടക്കയാത്രാ ടിക്കറ്റ് എന്നിവയാണ് പ്രധാന രേഖകൾ. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും അപേക്ഷയ്ക്കൊപ്പം നൽകണം. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 4,000 യുഎസ് ഡോളർ, അതായത് 14,690 ദിർഹം ബാലൻസ് ഉണ്ടെന്നും തെളിയിക്കണം.

 

ജിഡിആർഎഫ്എ വെബ്സൈറ്റ്, ഉപഭോക്തൃകേന്ദ്രങ്ങൾ, ആമർ സർവീസ് സെന്ററുകൾ എന്നിവ വഴി അപേക്ഷ നൽകാം. വെബ്സൈറ്റിൽ യുഎഇ പാസ് ഉപയോഗിച്ചോ വ്യക്തിഗത അക്കൗണ്ട് വഴിയോ ലോഗിൻ ചെയ്ത് അഞ്ച് വർഷത്തെ ടൂറിസ്റ്റ് എൻട്രി പെർമിറ്റ് തിരഞ്ഞെടുക്കണം. വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും നൽകി രേഖകൾ സമർപ്പിച്ച് ഫീസ് അടയ്ക്കുന്നതോടെ അപേക്ഷ പൂർത്തിയാക്കാം. വീസ അനുവദിച്ചാൽ എസ്‌എംഎസ് വഴി അറിയിക്കുകയും ഡിജിറ്റൽ കോപ്പി ഇമെയിലിൽ ലഭിക്കുകയും ചെയ്യും.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .