Loading time...
Local

രാംലീല റാലിക്ക് പിന്നാലെ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; രാജ്യവ്യാപക പദയാത്രകളുമായി ബിജെപിയും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Nov 2026, 8:48 am
Updated on: 2 Nov 2026, 8:48 am
Share:
Follow Us: YouTube
Feature Image

രാംലീല മൈതാനിയിലെ ശക്തിപ്രകടനത്തിന് പിന്നാലെ എസ്‌ഐആർ വിഷയത്തിൽ അടുത്ത ഘട്ട പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്. തുടർനീക്കങ്ങൾ എന്തായിരിക്കണമെന്ന കാര്യത്തിൽ ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുന്നതിനൊപ്പം നിയമപോരാട്ടവും ശക്തമാക്കാനാണ് നീക്കം.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ പ്രതിഷേധത്തിന്റെ രീതിയും അടുത്ത ഘട്ടവും വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. തൽക്കാലം ദില്ലി കേന്ദ്രീകരിച്ച് വലിയ സമരങ്ങൾ നടത്താൻ സാധ്യതയില്ല. പാർലമെന്റ് സമ്മേളനത്തോടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് ആലോചന.

 

അതേസമയം, രാംലീല മൈതാനം നിറയ്ക്കാനുള്ള ആളുകളെപ്പോലും എത്തിക്കാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ലെന്നാണ് ബിജെപിയുടെ പരിഹാസം. ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപി നേതാക്കൾ റാലിയുടെ ജനപങ്കാളിത്തത്തെ ചോദ്യം ചെയ്യുന്നത്. മൈതാനം നിറഞ്ഞതായി പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു.

 

ഇന്ത്യാ സഖ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപകമായി പദയാത്രകൾ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ തന്നെ യാത്രകൾക്ക് നേതൃത്വം നൽകും. ഹരിയാനയിൽ അമിത് ഷായും ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും രംഗത്തിറങ്ങും. ബിജെപി ദേശീയ അധ്യക്ഷൻ ബിഹാറിലും പശ്ചിമബംഗാളിലും പദയാത്ര നയിക്കും. ഹിമാചലിൽ ഹിമന്ത ബിശ്വ ശർമയ്ക്കാണ് ചുമതല.

 

ഇതിനിടെ രാംലീല റാലിയുടെ പേരിൽ ദില്ലിയിലെ വ്യാപാരികളും രാഹുൽ ഗാന്ധിയും തമ്മിലുള്ള തർക്കവും തുടരുകയാണ്. റാലി കാരണം പതിനൊന്നായിരം കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടായെന്നാണ് ദില്ലി ട്രേഡേഴ്സ് അസോസിയേഷന്റെ ആരോപണം. ദില്ലിയിലെ 25 വ്യാപാര മേഖലകളെ മാർച്ച് ബാധിച്ചു. മൂന്ന് ലക്ഷം കടകളിൽ രണ്ടര ലക്ഷത്തോളം അടഞ്ഞുകിടന്നതായും ഒറ്റ ദിവസം നാല് ലക്ഷം സന്ദർശകരെ നഷ്ടമായതായും വ്യാപാരികൾ പറയുന്നു.

 

എന്നാൽ കൊണാട്ട് പ്ലേസിൽ ബിജെപി നേതാക്കൾ ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. സമരത്തിനെത്തുന്നവർ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്നും രാഹുൽ നേരത്തെ അഭ്യർഥിച്ചിരുന്നു.

 

വ്യാപാര നഷ്ടത്തിന്റെ ആരോപണങ്ങൾക്കിടയിലും ഇന്ത്യാ സഖ്യത്തിന്റെ ഐക്യവും ജനപങ്കാളിത്തവും പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. രാംലീല റാലിയോടെ അവസാനിക്കില്ല എസ്‌ഐആറിനെതിരായ പോരാട്ടമെന്നും വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.