കേരളത്തിൽ സൈബർ തട്ടിപ്പുകൾ വർധിക്കുന്നതിനിടെ വീണ്ടും വൻ സാമ്പത്തിക നഷ്ടത്തിന്റെ വാർത്ത. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ വാക്കുകൾ വിശ്വസിച്ച് വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ പണം നിക്ഷേപിച്ച കൊച്ചി കളമശേരി സ്വദേശിയായ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടമായി. 47കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴിയാണ് ഡോക്ടർ പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 33കാരിയായ ഗൗതമി നായരുമായി സൗഹൃദത്തിലായത്. പിന്നീട് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക ട്രേഡിങ് പ്ലാറ്റ്‌ഫോമാണെന്ന് പറഞ്ഞ് യുവതി ഡോക്ടറെ മറ്റൊരു ആപ്പിലേക്ക് എത്തിക്കുകയായിരുന്നു. ഇതിലൂടെ ഓഹരി വ്യാപാരം നടത്തിയാൽ വലിയ ലാഭം നേടാമെന്നായിരുന്നു വാഗ്ദാനം.
2025 ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. യുവതിയുടെ നിർദേശപ്രകാരം ഡോക്ടർ സ്വന്തം ഇടപ്പള്ളിയിലെ ബാങ്ക് അക്കൗണ്ടിൽനിന്നും ഭാര്യയുടെ രവിപുരത്തെ ബാങ്ക് അക്കൗണ്ടിൽനിന്നും പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഏകദേശം മൂന്ന് മാസത്തിനിടെ 1.57 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചത്.
നിക്ഷേപിച്ച പണവും അതിനനുസരിച്ചുള്ള ലാഭവും ഡോളറിന്റെ കണക്കിൽ വ്യാജ ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചായിരുന്നു തട്ടിപ്പുകാർ വിശ്വാസം നേടിയെടുത്തത്. എന്നാൽ വൻതുക നിക്ഷേപിച്ചിട്ടും പണമോ വാഗ്ദാനം ചെയ്ത ലാഭമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് ഡോക്ടർ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളമശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316(2) (വിശ്വാസവഞ്ചന), 318(4) (വഞ്ചനയിലൂടെ സ്വത്ത് കൈക്കലാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ പട്ടികയിലേക്ക് മറ്റൊരു വലിയ സംഭവവും കൂടി ചേർന്നിരിക്കുകയാണ്. ദുബായിൽ ജോലി ചെയ്യുന്ന കുന്നത്തുനാട് സ്വദേശിക്ക് സമാനമായ രീതിയിൽ 2.11 കോടി രൂപ നഷ്ടപ്പെട്ട സംഭവവും അടുത്തിടെ പുറത്തുവന്നിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .