തുർക്കി പിന്തുണയുള്ള സ്വയം പ്രഖ്യാപിത 'ഉത്തര സൈപ്രസ്' നേതാവ് തുഫാൻ എർഹർമാനും രാജ്യാന്തര അംഗീകാരമുള്ള സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡീസും തമ്മിൽ നടത്തിയ ചർച്ചയിലാണ് തുടർ കൂടിക്കാഴ്ചകൾ സംബന്ധിച്ച് ധാരണയായത്.
ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള ബഫർ സോണിൽ നടന്ന ചർച്ചയിൽ, സമാധാന നീക്കങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ആഴ്ചയിലൊരിക്കലോ ആവശ്യമെങ്കിൽ അതിൽ കൂടുതൽ തവണയോ യോഗം ചേരാനാണ് തീരുമാനം. സൈപ്രസ് സമാധാന ശ്രമങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ഇരുനേതാക്കളും നന്ദി അറിയിച്ചു.
ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന 'സിവിൽ സൊസൈറ്റി അഡ്വൈസറി ബോഡിയുടെ' സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് സൈപ്രസ് വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുട്ടെറസ്. മുൻകാല ഉച്ചകോടികൾ പരാജയപ്പെട്ട സാഹചര്യത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളോടെയായിരിക്കും അടുത്തഘട്ട ഔദ്യോഗിക ചർച്ചകൾ നടക്കുക.
ഗ്രീസ്, തുർക്കി, യുകെ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലമായ ഉച്ചകോടി നടത്താനാണ് യുഎൻ പദ്ധതി. അതിർത്തിയിൽ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി കൂടുതൽ കവാടങ്ങൾ തുറക്കുന്ന കാര്യവും ഇരുവിഭാഗങ്ങളുടെയും പരിഗണനയിലുണ്ട്.
1974ൽ ഗ്രീസിന്റെ പിന്തുണയോടെ നടന്ന അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി സൈന്യമെത്തി സൈപ്രസിന്റെ വടക്കൻ പ്രദേശം പിടിച്ചെടുത്തതോടെയാണ് രാജ്യം വിഭജിക്കപ്പെട്ടത്. 1983ൽ വടക്കൻ മേഖല 'ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർത്തേൺ സൈപ്രസ്' ആയി സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും തുർക്കി മാത്രമാണ് ഇതിനെ അംഗീകരിച്ചിട്ടുള്ളത്. ദക്ഷിണ മേഖലയായ റിപ്പബ്ലിക് ഓഫ് സൈപ്രസ് യൂറോപ്യൻ യൂണിയൻ അംഗമാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .