മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ എസ്ഐടിക്ക് മുന്നിൽ കൂടുതൽ സ്റ്റാഫംഗങ്ങളുടെ മൊഴി. വകുപ്പിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി നടപടിയെടുത്തില്ലെന്നാണ് മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജിആർ രമേശിന്റെ മൊഴി.
ടെൻഡർ നടപടികളില്ലാതെ സ്പോൺസറെ നിയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നാണ് മൊഴിയിൽ പറയുന്നത്. വകുപ്പിലെ പല കാര്യങ്ങളിലും മന്ത്രി സ്വന്തം താൽപര്യപ്രകാരം തീരുമാനമെടുത്തിരുന്നെന്നും ജിആർ രമേശ് എസ്ഐടിക്ക് മൊഴി നൽകി.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനം ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ മന്ത്രി അത് പരിഗണിച്ചില്ലെന്നും മൊഴിയിലുണ്ട്. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിലാണ് മെയിലുകൾ കൈകാര്യം ചെയ്യാൻ ഇവരെ അനുവദിച്ചതെന്നും രമേശ് വ്യക്തമാക്കി.
മുൻ പ്രൈവറ്റ് സെക്രട്ടറി സത്യപാലും എസ്ഐടിക്ക് മന്ത്രിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. റിപ്പോർട്ടറെ സ്പോൺസറായി നിയോഗിക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നാണ് സത്യപാലിന്റെ മൊഴി. ടെൻഡറില്ലാതെ സ്പോൺസറെ നിയമിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി തീരുമാനം മാറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസറുമായി ബന്ധപ്പെട്ട ആന്റോയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും മന്ത്രി അത് അവഗണിച്ചെന്നും സത്യപാലിന്റെ മൊഴിയിലുണ്ട്. കേസിൽ എസ്ഐടി അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .