Loading time...
Local

ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പ്: നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി; 28 സീറ്റിലും നിരാശ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Oct 2026, 11:33 am
Updated on: 28 Oct 2026, 11:33 am
Share:
Follow Us: YouTube
Feature Image

നാല് സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാനാകാതെ കോൺഗ്രസ്. ആകെ 28 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേരത്തേ വിജയിച്ച സീറ്റുകൾ പോലും നിലനിർത്താനാകാത്തത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി. ഭരണത്തിലുള്ള കർണാടകയിൽ ഒരു സീറ്റുപോലും നേടാനാകാതിരുന്നതാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്.

 

ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ പാർട്ടിക്ക് അടിതെറ്റി. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ നേരത്തേ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഒരു സീറ്റും ജെ.ഡി.എസ് പിടിച്ചെടുത്തു. ഇതോടെ കർണാടകയിൽ എൻ.ഡി.എ എല്ലാ സീറ്റുകളും സ്വന്തമാക്കി.

 

ബിഹാറിൽ സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ ആർ.ജെ.ഡിയും കോൺഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. എട്ട് സീറ്റുകളിൽ അഞ്ചിടത്ത് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിന് ഇത്തവണ ഒരു സീറ്റിൽ പോലും മുന്നേറ്റമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ പാർട്ടി വിജയിച്ചിരുന്ന സീറ്റിലും പരാജയം നേരിട്ടു. മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ മോഹൻ ഝാ കൈവശം വച്ചിരുന്ന ദർഭംഗ അധ്യാപക മണ്ഡലത്തിൽ പ്രശാന്ത് കിഷോറിന്റെ പാർട്ടി വിജയിച്ച് അക്കൗണ്ട് തുറന്നതും ശ്രദ്ധേയമായി.

 

മഹാരാഷ്ട്രയിലും കോൺഗ്രസിന് സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ മൂന്നിടത്ത് കോൺഗ്രസും രണ്ടിടത്ത് ശരദ് പവാറിന്റെ എൻ.സി.പി വിഭാഗവും മത്സരിച്ചു. കോൺഗ്രസ് മത്സരിച്ച മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം നേരത്തേ പാർട്ടിയുടെ കൈവശമുണ്ടായിരുന്നെങ്കിലും ഇത്തവണ ഒന്നിൽ പോലും വിജയിക്കാനായില്ല. എന്നാൽ എൻ.സി.പി മത്സരിച്ച രണ്ട് സീറ്റുകളും സ്വന്തമാക്കി. പുണെയിലെ ബിരുദധാരികളുടെ മണ്ഡലത്തിൽ എൻ.സി.പി (എസ്.പി) സ്ഥാനാർത്ഥി ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയപ്പോൾ, അധ്യാപക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പതിനായിരം വോട്ടുകൾ പോലും നേടാനായില്ല. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസിന് എല്ലാ സീറ്റുകളിലും പരാജയമാണ് നേരിടേണ്ടിവന്നത്.

 

ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 11 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇവിടെ ആറ് സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ അഞ്ചിടത്ത് സമാജ്‌വാദി പാർട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ അധ്യാപക, ബിരുദധാരി മണ്ഡലങ്ങളിൽ വിജയിക്കാനായത് സമാജ്‌വാദി പാർട്ടിക്ക് നേട്ടമായി. നാല് സംസ്ഥാനങ്ങളിലെ ഫലം വിലയിരുത്തുമ്പോൾ, കോൺഗ്രസിന് സീറ്റുകൾ നഷ്ടമായതിനൊപ്പം ശക്തമായ മത്സരം കാഴ്ചവയ്ക്കാനും കഴിയാത്തത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് നിലയെക്കുറിച്ച് ചോദ്യങ്ങളുയർത്തുകയാണ്.