Loading time...
Global

തായ്‌വാന്റെ കിഴക്കൻ തീരത്തും ഭീഷണിയായി ചൈനീസ് പട്രോളിങ് . കപ്പൽ ഗതാഗതത്തെ തടസപ്പെടുത്തുന്നുവെന്ന് ആരോപണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Nov 2026, 7:31 am
Updated on: 1 Nov 2026, 7:31 am
Share:
Follow Us: YouTube
Feature Image

തായ്‌വാന്റെ കിഴക്കൻ തീരത്ത് ചൈനീസ് കോസ്റ്റ് ഗാർഡിന്റെ പട്രോളിങ് കപ്പൽ ഗതാഗതത്തിന് തടസ്സമാകുന്നതായും റേഡിയോ സന്ദേശങ്ങളിലൂടെ കപ്പലുകളെ അക്രമിക്കുന്നതായും തായ്‌വാൻ കോസ്റ്റ് ഗാർഡ് ആരോപിച്ചു. ചൈനയുടെ രണ്ട് കപ്പലുകളാണ് ഏറ്റവും പുതിയ പട്രോളിങ്ങിൽ പങ്കെടുത്തത്. ഇവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തായ്‌വാനും സ്വന്തം കപ്പലുകളെ അയച്ചിട്ടുണ്ട്.

 

കഴിഞ്ഞ ജൂൺ മുതൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് ചൈനീസ് കോസ്റ്റ് ഗാർഡ് പട്രോളിങ് പതിവാക്കിയിട്ടുണ്ട്. ഒരു സമുദ്ര ഉപരോധത്തിന് മുന്നോടിയായി സൈനിക, അർധസൈനിക, സിവിലിയൻ സംവിധാനങ്ങളെ ഉപയോഗിച്ച് ചൈന പരിശീലനം നടത്തുകയാണെന്നാണ് തായ്‌വാന്റെ ആശങ്ക. യുദ്ധമോ ഉപരോധമോ ഉണ്ടായാൽ സഖ്യകക്ഷികളിൽ നിന്നുള്ള സഹായവും സാധനങ്ങളും എത്തുന്നതിനുള്ള പ്രധാന സമുദ്രപാതയായാണ് തായ്‌വാൻ ഈ മേഖലയെ കാണുന്നത്.

 

ചൈനീസ് കപ്പൽ നിയമനടപടികൾക്കായാണ് പട്രോളിങ് നടത്തുന്നതെന്നും ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നും റേഡിയോ സന്ദേശം പ്രക്ഷേപണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, ആരെയാണ് ഈ സന്ദേശം ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരിച്ചറിയാത്ത ഒരു മത്സ്യബന്ധന ബോട്ടിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവിട്ടിരുന്നു.

 

റേഡിയോ സന്ദേശങ്ങൾ വഴി കപ്പലുകളെ ആക്രമിക്കുന്നത് അധികാരപരിധി സ്ഥാപിക്കാനുള്ള ശ്രമമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും തായ്‌വാൻ ആരോപിച്ചു. തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ പരമാധികാര അവകാശവും അധികാരപരിധിയുമുണ്ടെന്നും അവിടെ ചൈനയ്ക്ക് യാതൊരു അധികാരവുമില്ലെന്നും തായ്‌വാൻ വ്യക്തമാക്കി.

 

ഇതിനിടെ, ദക്ഷിണ ചൈനാക്കടലിന്റെ വടക്കൻ ഭാഗത്തുള്ള തായ്‌വാന്റെ നിയന്ത്രണത്തിലുള്ള പ്രാറ്റാസ് ദ്വീപുകൾക്ക് സമീപവും ചൈനീസ് കോസ്റ്റ് ഗാർഡ് കപ്പൽ എത്തിയതായി തായ്‌വാൻ അറിയിച്ചു. ഈ വർഷം മാത്രം പ്രാറ്റാസ് ദ്വീപുകളുടെ സമുദ്രപരിധിയിൽ നിന്ന് ചൈനീസ് കപ്പലുകളെ 13 തവണ പുറത്താക്കിയെന്നാണ് തായ്‌വാന്റെ അവകാശവാദം. സ്ഥിരം സിവിലിയൻ ജനവാസമില്ലാത്ത ഈ ദ്വീപുകൾ തായ്‌വാനിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെയാണ്. ദൂരക്കൂടുതൽ കാരണം ചൈനീസ് ആക്രമണത്തിന് ഇരയാകാൻ സാധ്യതയുള്ള പ്രദേശമായാണ് സുരക്ഷാ വിദഗ്ധർ ഇവയെ കാണുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.