ലോകക്ഷേമം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കാണ് ബ്രിക്‌സ് ഉച്ചകോടി വേദിയാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വിഷയങ്ങളിൽ ക്രിയാത്മകവും അർത്ഥവത്തുമായ ചർച്ചകൾ നടക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
അതേസമയം, ഇത്തവണത്തെ ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന തയ്യാറാക്കുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യൻ യുദ്ധം, അമേരിക്ക–ഇറാൻ അസ്വസ്ഥതകൾ, യു.എസ് തീരുവ വർധന തുടങ്ങിയ വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാടുകളാണുള്ളത്. ഇറാൻ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ വിവാദ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ സമവായത്തിലെത്തുക വെല്ലുവിളിയാകും.സമാപന ദിവസമായ ഞായറാഴ്ച ഉച്ചയോടെയാണ് സംയുക്ത പ്രസ്താവന പുറത്തിറക്കേണ്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നാലാമത് ബ്രിക്‌സ് ഉച്ചകോടി നാളെ ഭാരത് മണ്ഡപത്തിലാണ് ആരംഭിക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പുലർച്ചെ ദില്ലിയിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എന്നിവരും ഉച്ചകോടിയുടെ ഭാഗമാകും.