ബിഹാറിലെ ജമുയിയിൽ സ്കൂൾ വിദ്യാർഥികളായ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മുഖ്യപ്രതി നന്ദൻ യാദവിനെ പൊലീസ് വെടിവച്ച് വീഴ്ത്തി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർത്തതിനെ തുടർന്നാണ് നടപടി ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച മഡ് പർവതത്തിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥികളെ അഞ്ച് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇരുവരും അവിടെയെത്തിയതിന്റെ കാരണം ചോദിച്ചായിരുന്നു തുടക്കം. പിന്നാലെ ആൺകുട്ടിയെ കോളറിൽ പിടിച്ച് തള്ളുകയും, പെൺകുട്ടിയെ പിടിച്ചുവലിച്ച് താഴെയിടുകയും ആക്രമിക്കുകയും ചെയ്തു. ആൺകുട്ടി പ്രതിരോധിച്ച് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും സംഘം തടഞ്ഞു; പിന്നീട് ഇരുവരെയും കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
അക്രമിസംഘം തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കുപുറമെ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി പറഞ്ഞു. ഒരു പ്രതിയെയും വെറുതെ വിടില്ലെന്ന് മന്ത്രി ശ്രാവൺ കുമാറും വ്യക്തമാക്കി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .