Loading time...
Global

അഫ്ഗാനിസ്ഥാനിൽ മലയാളി ട്രാവൽ വ്ലോഗർ അരുണിമയെ കസ്റ്റഡിയിലെടുത്തു; പിന്നീട് മോചിപ്പിച്ചു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Sep 2026, 10:06 am
Updated on: 15 Sep 2026, 10:06 am
Share:
Follow Us: YouTube
Feature Image

അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി ട്രാവൽ വ്ലോഗർ അരുണിമയെ തോക്കുധാരികൾ കസ്റ്റഡിയിലെടുത്തു. ബാമിയാനിൽ വച്ചാണ് ബാക്ക്പാക്കർ അരുണിമയെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താൻ കസ്റ്റഡിയിലാണെന്നും രക്ഷിക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും അരുണിമ അഭ്യർഥിച്ചിരുന്നു. എന്നാൽ പിന്നീട് അരുണിമ സുരക്ഷിതയാണെന്നും ഹ്രസ്വകാല തടങ്കലിന് ശേഷം മോചിപ്പിക്കപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

 

മോചനത്തിന് പിന്നാലെ താൻ ഒറ്റയ്ക്ക് യാത്ര ചെയ്തതാണ് കുറ്റമെന്നാണ് അരുണിമ പ്രതികരിച്ചത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താലിബാൻ അധികൃതർ പഷ്തോ ഭാഷയിൽ നൽകിയ സന്ദേശവും അരുണിമ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. രേഖകളില്ലാത്തതിനാലാണ് മുജാഹിദീൻ തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു സന്ദേശത്തിന്റെ പരിഭാഷയെന്നാണ് അരുണിമ വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെത്തിയപ്പോൾ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചുള്ള അരുണിമയുടെ ഫേസ്ബുക്ക് കുറിപ്പും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു.

 

രാജ്യത്തെത്തിയതിന് പിന്നാലെ ധരിച്ചിരുന്ന വസ്ത്രം മാറ്റി ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ താലിബാൻ അധികൃതർ ആവശ്യപ്പെട്ടതായും അരുണിമ പറഞ്ഞിരുന്നു. സ്ത്രീയായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചതായി അവർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നേരിടുന്ന വസ്ത്രധാരണം, യാത്ര തുടങ്ങിയ നിയന്ത്രണങ്ങളെക്കുറിച്ചും അരുണിമ സോഷ്യൽ മീഡിയയിൽ വിശദീകരിച്ചിരുന്നു. “വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ എത്തിയപ്പോഴാണ് മനസിലായത്” എന്നായിരുന്നു അരുണിമയുടെ പ്രതികരണം. അരുണിമ സുരക്ഷിതയാണെന്ന വിവരം പുറത്തുവന്നതോടെ ആശങ്കയ്ക്ക് വിരാമമായി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .