അമേരിക്കയിലെ സൗത്ത് കാരോലൈനയിലെ ലെക്സിംഗ്ടൺ കൗണ്ടിയിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത് ഞെട്ടിക്കുന്ന സാഹചര്യത്തിൽ. നായയെ അടച്ചിടുന്ന കൂട്ടിനുള്ളിലാക്കി മണ്ണിനടിയിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു കൊവ ഷാർപ്പ് എന്ന കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 24 മണിക്കൂറോളം കുഞ്ഞ് ഈ അവസ്ഥയിൽ കഴിഞ്ഞിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതായത്. അമ്മ പുറത്തുപോയ സമയത്ത് പിതാവായ മൈക്കൽ കോമറിന്റെ സംരക്ഷണത്തിലായിരുന്നു കുഞ്ഞ്. പിന്നീട് ഇരുവരെയും കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച രാത്രിയോടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ നൽകിയില്ല.
തുടർന്ന് ചൊവ്വാഴ്ച രാവിലെ നൂറോളം പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് അംഗങ്ങളും വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ പിതാവിന്റെ അച്ഛന്റെ വീടിന് സമീപമുള്ള കാട്ടിൽ പുതുതായി മണ്ണിളക്കിയ സ്ഥലം ശ്രദ്ധയിൽപ്പെട്ടു. പരിശോധനയ്ക്കിടെ മണ്ണിനടിയിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ നടത്തിയ തിരച്ചിലിലാണ് നായ്ക്കൂട്ടിനുള്ളിൽ ടവൽ കൊണ്ട് പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
ഏകദേശം ഒരടിയോളം താഴ്ചയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. ടവലിനിടയിൽ രൂപപ്പെട്ട ചെറിയ വായുസഞ്ചാരമാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സഹായിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവത്തിൽ പിതാവായ മൈക്കൽ കോമറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .