രാഷ്ട്രീയ ജീവിതത്തിലെ അവസാന പ്രസംഗം അവിസ്മരണീയമായൊരു പ്രണയനിമിഷമാക്കി മാറ്റി ഓസ്ട്രേലിയൻ എംപി. പാർലമെന്റിലെ പ്രസംഗത്തിനിടെ വർഷങ്ങളായി ഒപ്പം കഴിയുന്ന പങ്കാളിയോട് വിവാഹാഭ്യർഥന നടത്തിയതോടെ സഭയിലാകെ കൈയടിയും ആവേശവുമായി. അപ്രതീക്ഷിതമായ ഈ നിമിഷത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിലെ റൈഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലിബറൽ പാർട്ടി അംഗം ജോർഡൻ ലെയ്നാണ് (32) തന്റെ ദീർഘകാല പങ്കാളിയായ നതാലിയോട് വിവാഹാഭ്യർഥന നടത്തിയത്. നവംബർ 19 വ്യാഴാഴ്ച നടന്ന വിടവാങ്ങൽ പ്രസംഗത്തിനിടെയായിരുന്നു സംഭവം. പത്ത് വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
പ്രസംഗത്തിനിടെ മോതിരം പുറത്തെടുത്ത ലെയ്ൻ, ഗാലറിയിലിരുന്ന നതാലിയെ നോക്കി തന്റെ അവസാന ചോദ്യം അവളോടാണെന്ന് പറഞ്ഞു. തുടർന്ന്, "സ്പീക്കർ, റൈഡ് മണ്ഡലത്തിലെ അംഗമെന്ന നിലയിലുള്ള എന്റെ അവസാന ചോദ്യം എന്റെ പ്രിയപ്പെട്ട നതാലിയോടാണ്. നീ എന്നെ വിവാഹം കഴിക്കുമോ?" എന്ന് ചോദിച്ചു. പിന്നാലെ മുട്ടുകുത്തി വിവാഹമോതിരം നീട്ടിയതോടെ സഭയിലുണ്ടായിരുന്നവർ കൈയടികളോടെയാണ് ഈ നിമിഷത്തെ സ്വീകരിച്ചത്.
നതാലി വിവാഹാഭ്യർഥന സ്വീകരിച്ചതോടെ ലെയ്ൻ മോതിരം വിരലിലണിയിക്കുകയും ഇരുവരും ചുംബിക്കുകയും ചെയ്തു. മറുപടി പാർലമെന്റിന്റെ ഔദ്യോഗിക രേഖയായ ഹാൻസാർഡിൽ ഉൾപ്പെടുത്തണമെന്നും അവൾ 'അതെ' എന്നാണ് പറഞ്ഞതെന്നും ലെയ്ൻ തമാശരൂപേണ അറിയിച്ചു. ന്യൂ സൗത്ത് വെയിൽസ് നിയമസഭാ സ്പീക്കർ ഗ്രെഗ് പൈപ്പറും സന്തോഷത്തിൽ പങ്കുചേർന്നു. 58-ാമത് പാർലമെന്റ് 'പ്രണയത്തിന്റെ പാർലമെന്റ്' എന്ന പേരിൽ ഓർമിക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2027 മാർച്ചിൽ നടക്കാനിരിക്കുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലെയ്ൻ രാഷ്ട്രീയ ജീവിതത്തോട് വിടപറയാനുള്ള തീരുമാനം അറിയിച്ചത്. തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രീയത്തിലെ അനുഭവങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹൃദയത്തിൽനിന്ന് വരുന്ന തീരുമാനങ്ങൾ വിശദീകരിക്കുക എളുപ്പമല്ലെന്നും ജീവിതത്തിൽ പ്രണയത്തിനുള്ള പ്രാധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
2017 മുതൽ 2024 വരെ റൈഡ് സിറ്റി കൗൺസിലിൽ കൗൺസിലറായി പ്രവർത്തിച്ച ലെയ്ൻ, 2022 ജനുവരിയിൽ 27-ാം വയസ്സിൽ നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2023 മാർച്ചിലാണ് ന്യൂ സൗത്ത് വെയിൽസ് നിയമസഭയിലെത്തിയത്. രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുന്ന വേളയിൽ നടത്തിയ വിവാഹാഭ്യർഥനയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തെ കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .