Loading time...
Global

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പിന് പദ്ധതിയിട്ട് 19കാരൻ ; തോക്ക് തകരാറിലായതോടെ ആക്രമണശ്രമം പരാജയപ്പെട്ടെന്ന് റിപ്പോർട്ട്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Oct 2026, 7:22 am
Updated on: 15 Oct 2026, 7:22 am
Share:
Follow Us: YouTube
Feature Image

അമേരിക്കയിലെ ഇല്ലിനോയ്‌സ് സംസ്ഥാനത്തെ ഒറോറയിലുള്ള ഹിന്ദു ക്ഷേത്രം ലക്ഷ്യമിട്ട് കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ 19 വയസ്സുകാരൻ അറസ്റ്റിൽ. പലരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആക്രമണപദ്ധതിയുമായി ബന്ധപ്പെട്ട് അലക്സാണ്ട്രോസ് പപോറാക്കിസ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഭീകരാക്രമണ ഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

 

ഇല്ലിനോയ്‌സിലെ പാലറ്റൈൻ സ്വദേശിയായ യുവാവ് വെള്ളക്കാരുടെ മേധാവിത്വം പ്രചരിപ്പിക്കുന്ന തീവ്രവാദ ആശയങ്ങൾ പിന്തുടർന്നിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഇയാൾ തയ്യാറാക്കിയിരുന്നതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു.

 

യുവാവ് ജോലി ചെയ്തിരുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെ സഹപ്രവർത്തകർക്ക് ലഭിച്ച സംശയാസ്പദമായ സന്ദേശങ്ങളാണ് സംഭവത്തിൽ നിർണായകമായത്. കൂട്ടവെടിവെപ്പ് നടത്താനുള്ള പദ്ധതി വിവരിക്കുന്ന രേഖയും ആയുധങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ചിത്രങ്ങളും ഇയാൾ സഹപ്രവർത്തകർക്ക് അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

 

'വൈ ഐ ഫൈറ്റ്: എ.കെ.എ. (ഓറോറ ഷൂട്ടേഴ്സ് മാനിഫെസ്റ്റോ)' എന്ന പേരിൽ എട്ട് പേജുള്ള രേഖയും ഇയാൾ പങ്കുവെച്ചിരുന്നു. ഇന്ത്യക്കാർ, ജൂതർ, ആഫ്രിക്കൻ വംശജർ എന്നിവർക്കെതിരായ വിദ്വേഷവും അക്രമത്തിനുള്ള ആഹ്വാനങ്ങളും രേഖയിലുണ്ടായിരുന്നുവെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.

 

ഒക്ടോബർ 11 ഞായറാഴ്ച ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അന്നേ ദിവസം വെടിവെപ്പ് നടത്താൻ ഉദ്ദേശിക്കുന്നതായി ഇയാൾ സഹപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

 

കേസിൽ പ്രതിയെ വിചാരണയ്ക്ക് മുമ്പ് കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. ഒക്ടോബർ 30നാണ് അടുത്ത കോടതി നടപടികൾ നിശ്ചയിച്ചിട്ടുള്ളത്. ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്ന കൃത്യമായ ക്ഷേത്രം സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

 

സംഭവത്തെ തുടർന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീഷണികളെ ഗൗരവത്തോടെ കാണുന്നതിനും പൊലീസ് പ്രാധാന്യം നൽകുന്നതായി അധികൃതർ വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .