Loading time...
Global

ജോർദാനിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ വെടിവെപ്പ്; ഏഴ് മരണം, 40 പേർക്ക് പരിക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Oct 2026, 1:56 pm
Updated on: 24 Oct 2026, 1:56 pm
Share:
Follow Us: YouTube
Feature Image

ജോർദാനിലെ കാരക്കിൽ ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തിൽ പരിക്കേറ്റ 40 പേർ ചികിത്സയിൽ. കാരക്ക് ഗവർണറേറ്റിലെ ഹമ്മൗദ് ഗ്രാമത്തിലുള്ള പള്ളിയിലാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ അക്രമികൾ വാഹനത്തിലെത്തി പള്ളിക്ക് സമീപം ഇറങ്ങിയ ശേഷം ഏകദേശം അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് പള്ളിയുടെ പരിസരത്ത് ഇരുനൂറോളം പേർ ഉണ്ടായിരുന്നെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

ഹാൻഡ് ഗണ്ണുകളും റൈഫിളുകളുമായി അക്രമികൾ പള്ളിയുടെ ഗേറ്റ് കടന്നെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാല് പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. പള്ളിയിൽ മരണാനന്തര ചടങ്ങുകൾ ആരംഭിച്ച് 15 മിനിറ്റിനുള്ളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ ശക്തമായി നേരിടുമെന്ന് ജോർദാൻ കിരീടാവകാശി അബ്ദുള്ള രണ്ടാമൻ വ്യക്തമാക്കി.

 

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജാവ് അബ്ദുള്ള രണ്ടാമൻ ആശുപത്രി സന്ദർശിക്കുന്നതിന് മുന്നോടിയായും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട അക്രമികളിൽ രണ്ടുപേരെ പിന്തുടരുകയാണെന്നും പള്ളിക്ക് സമീപം സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അൽ മംലക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

 

ആക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. ആരാധനാലയത്തിന് നേരെയും ശവസംസ്കാര ചടങ്ങിനിടയിലും നടന്ന ആക്രമണം അതീവ ഹീനമാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു. ജോർദാനിൽ ഇത്തരം ആക്രമണങ്ങൾ അപൂർവമാണ്. ഏകദേശം 1.15 കോടി ജനസംഖ്യയുള്ള രാജ്യത്ത് മൂന്ന് ലക്ഷത്തോളം ക്രിസ്ത്യാനികളാണുള്ളത്. ബൈബിളിലെ സംഭവങ്ങളുമായി ബന്ധമുള്ള നിരവധി ചരിത്രപ്രധാനമായ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ജോർദാനിൽ ക്രിസ്ത്യാനികൾ ന്യൂനപക്ഷ വിഭാഗമാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.