നഗോയ ഏഷ്യൻ ഗെയിംസിൽ മലയാളി ഷൂട്ടർ വിദർശ കെ. വിനോദിന് ചരിത്രനേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയാണ് വിദർശ ശ്രദ്ധേയയായത്. 1898 പോയിന്റാണ് ഇന്ത്യ നേടിയത്. 1904.2 പോയിന്റുമായി ചൈന സ്വർണം സ്വന്തമാക്കി. ജപ്പാനാണ് വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരവും വിദർശയായി.
വിദർശയ്ക്കൊപ്പം എളവേനിൽ വാളറിവൻ, സോനം മാസ്കർ എന്നിവരായിരുന്നു ഇന്ത്യൻ ടീമിൽ. 10 മീറ്റർ ഇനത്തിൽ പരിശീലനം തുടങ്ങിയിട്ട് ഒരു വർഷം മാത്രമായ വിദർശ, മത്സര സമ്മർദം നേരിടാനുള്ള പരിശീലനവും നടത്തിയിരുന്നു. മെഡൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിലാണ് മെഡൽ ഉറപ്പായ വിവരം അറിഞ്ഞതെന്നും ഏറെ സന്തോഷമുണ്ടെന്നും വിദർശ പറഞ്ഞു.
50 മീറ്റർ ഇനമാണ് വിദർശയുടെ പ്രധാന മത്സരം. അതിലും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ഷൂട്ടിങ്ങിൽ ഇന്ത്യൻ ടീമിൽ ഇടം നേടുന്നത് തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ലോകോത്തര താരങ്ങളോട് മത്സരിച്ചാണ് തിരഞ്ഞെടുപ്പ് നേടേണ്ടതെന്നും വിദർശ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ രണ്ട് ഇനങ്ങളിൽ സിലക്ഷൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും 50 മീറ്ററിൽ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.
2019ലെ അസമിലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക താരവും വിദർശയായിരുന്നു. ആ വർഷം സൗത്ത് സോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും കേരള ഷൂട്ടിങ് ചാംപ്യൻഷിപ്പിലും നിരവധി മെഡലുകൾ നേടി. കേരള ചാംപ്യൻഷിപ്പിലും വിജയിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിനോദ് കെ.ഡിയുടെയും അനിത വിനോദിന്റെയും മകളായ വിദർശ ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിങ് റേഞ്ചിലാണ് പരിശീലനം നടത്തുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .