Loading time...
Local

അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി; 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Oct 2026, 5:24 am
Updated on: 29 Oct 2026, 5:24 am
Share:
Follow Us: YouTube
Feature Image

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞു. അതേസമയം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ തുടങ്ങിയ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശ്രീകാകുളത്തും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിശാഖപട്ടണത്താണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ പെയ്തത് 21 സെന്റീമീറ്റർ മഴയാണ്.

 

അതേസമയം ആന്ധ്രാപ്രദേശിൽ അർണബ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ വൻ നാശനഷ്ടങ്ങളെ തുടർന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച ചന്ദ്രബാബു നായിഡു, വിവിധ ജില്ലകളിലെ അവസ്ഥ വിശദീകരിച്ചു. ചുഴലിക്കാറ്റ് കാരണം 70,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്ന് മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. ഇതിനുപുറമെ 10,500 ഹെക്ടറിലെ തോട്ടവിളകൾക്കും വലിയ നാശനഷ്ടമുണ്ടായി. വീടുകൾ, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയും വ്യാപകമായി തകർന്നിട്ടുണ്ട്. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശം കുറയ്ക്കാൻ സംസ്ഥാന സർക്കാർ എടുത്ത മുൻകരുതലുകളും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് അയക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 

വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്കും നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ പ്രത്യേക സഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് 25 കിലോ അരിയും നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും 50 കിലോ അരിയും മറ്റ് സാധനങ്ങളും ലഭ്യമാക്കും. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.