ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ വ്യക്തിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്.
അപകടമുണ്ടാക്കിയ വാഹനം ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്ന വിലയിരുത്തലിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സ്ഥിരം കുറ്റവാളിയല്ലെന്നും ഒളിവിൽ പോകാൻ സാധ്യതയില്ലെന്നുമുള്ള കാര്യങ്ങളും കോടതി പരിഗണിച്ചു.
ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ 16 പേജുള്ള വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ, മൈനർമാർ പ്രതികളാകുന്ന എത്ര കേസുകളിലാണ് നരഹത്യാക്കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഇത്തരം കേസുകളിൽ എന്തുകൊണ്ടാണ് പ്രത്യേക പരിഗണന നൽകുന്നതെന്നും കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളിൽ നിന്നുള്ള സമ്മർദത്തെ ഭയന്നാണോ പ്രോസിക്യൂഷൻ ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നതെന്നും കോടതി ആരാഞ്ഞു.
അതേസമയം, ഒക്ടോബർ 25ന് പുലർച്ചെ ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചതാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നതടക്കമുള്ള ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .