ദേശീയപാത 183-ൽ മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്കും വഴിയാത്രികർക്കും അടക്കം നിരവധി പേർക്ക് പരിക്ക്. ചോറ്റി ജങ്ഷനിൽ രാവിലെ 8.15-ഓടെയായിരുന്നു അപകടം. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അമിത വേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ എത്തിയ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് മറ്റു വാഹനങ്ങൾതമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയത്. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത്.