ചേരാനല്ലൂർ അപകടക്കേസിൽ തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്‍റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവ സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി.
അതേസമയം കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം നീക്കം നടത്തുന്നുണ്ടെന്നും എന്നാൽ ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയതെന്നും കുട്ടിയുടെ ക്ഷേമം ആണ് പ്രധാനമെന്നും അഡീഷണൽ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ല. പ്രായപൂർത്തിയാവാത്ത കുട്ടി രഹസ്യമായി വാഹനം കൊണ്ടുപോയതിൽ രക്ഷിതാവിന് അറിവുണ്ടായിരുന്നതായി കണക്കാക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷണൽ ജഡ്ജി ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.
മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പേ ചുമത്തിയിട്ടുള്ളൂ. ആ സാഹചര്യത്തിൽ അറസ്റ്റിന്റെ ആവശ്യമില്ല. മുൻ ക്രിമിനൽ ചരിത്രമില്ല. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകി വിട്ടയക്കാൻ ഉത്തരവിടണം എന്നും ഹർജിയിൽ പറയുന്നു. എന്നാൽ, അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ കൂടി കേൾക്കണം എന്നാണ് കുടുംബം ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിട്ടുള്ളത്.