Loading time...
Global

ലിബിയൻ തീരത്ത് റഷ്യൻ യുദ്ധക്കപ്പൽ മുങ്ങി; പിന്നിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണമെന്ന് സംശയം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Nov 2026, 6:21 am
Updated on: 23 Nov 2026, 6:21 am
Share:
Follow Us: YouTube
Feature Image

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പിന് പുറത്തേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി ലിബിയൻ തീരത്ത് റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങി. കിഴക്കൻ ലിബിയയിലെ ബെംഗാസി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന 'മെർക്കുറി' എന്ന യുദ്ധക്കപ്പലാണ് സ്ഫോടനത്തെ തുടർന്ന് തകർന്നത്. യുക്രെയ്ൻ നടത്തിയ കടൽ ഡ്രോൺ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

ഞായറാഴ്ച പുലർച്ചെയായിരുന്നു ബെംഗാസി നാവിക താവളത്തിന് സമീപം സ്ഫോടനമുണ്ടായത്. ഇന്ധനവും മറ്റ് ആവശ്യസാധനങ്ങളും നിറയ്ക്കുന്നതിനായി തുറമുഖത്ത് എത്തിയതായിരുന്നു റഷ്യൻ കപ്പൽ. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. പിന്നീട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ കപ്പലിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതായി വ്യക്തമായി. കപ്പലിന്റെ മുൻഭാഗം മാത്രമാണ് വെള്ളത്തിന് മുകളിൽ കാണപ്പെട്ടത്.

 

ലിബിയൻ അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് സൂചന. ആറ് ഡ്രോണുകൾ കപ്പലിനെ ലക്ഷ്യമിട്ടെത്തിയതായും അവയിൽ നാലെണ്ണം പ്രതിരോധ സേന തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മറ്റ് രണ്ടെണ്ണം കപ്പലിൽ പതിച്ചതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ റഷ്യൻ, ലിബിയൻ സ്വദേശികളടക്കം പത്ത് പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

സംഭവത്തെ ലിബിയയുടെ പരമാധികാരത്തിനും സമുദ്രസുരക്ഷയ്ക്കുമെതിരായ നീക്കമായാണ് കിഴക്കൻ ലിബിയൻ ഭരണകൂടം വിശേഷിപ്പിച്ചത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ലിബിയ ഒരു കക്ഷിയല്ലെന്നും രാജ്യത്തെ തുറമുഖങ്ങൾ അന്താരാഷ്ട്ര സംഘർഷങ്ങൾ തീർക്കാനുള്ള വേദിയാക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ റഷ്യയുമായി ചേർന്ന് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

 

കരിങ്കടലിൽ റഷ്യൻ നാവികസേനയുടെ കപ്പലുകൾക്കെതിരെ യുക്രെയ്ൻ നേരത്തെയും കടൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ ലിബിയൻ തീരത്തെ ഈ സംഭവം യുദ്ധത്തിന്റെ വ്യാപ്തി മറ്റൊരു ഭൂഖണ്ഡത്തിലേക്കും എത്തുന്നുവെന്ന ആശങ്ക ഉയർത്തുകയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.