സുഡാനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ തലസ്ഥാനമായ ഖാർത്തൂമിലും സമീപ പ്രദേശങ്ങളിലും ഡ്രോൺ ആക്രമണം. ആക്രമണങ്ങളിൽ ഒരു കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഒരു കെട്ടിടത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാദേശിക റിപ്പോർട്ടുകളും യുഎൻ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു ഖാർത്തൂമിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായത്. സർക്കാർ ഓഫീസുകളും വിമാനത്താവളവും ലക്ഷ്യമിട്ട് ഡ്രോണുകൾ എത്തിയതോടെ സുഡാൻ വ്യോമപ്രതിരോധ സേന അവയെ തടയാൻ ശ്രമിച്ചു. ഇതിനിടയിലാണ് ജനവാസ മേഖലകളിലും ആക്രമണമുണ്ടായത്. ഖാർത്തൂമിന് സമീപമുള്ള ഒംദുർമാൻ നഗരത്തിൽ ഒരു വീടിന് മുകളിലേക്ക് ഡ്രോൺ പതിച്ചതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തലസ്ഥാനത്തുനിന്ന് ഏകദേശം 45 കിലോമീറ്റർ തെക്കുള്ള ജെബൽ ഔലിയ ഗ്രാമത്തിലും മറ്റൊരു ആക്രമണമുണ്ടായി. ഇവിടെ വീടിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഒരു കുട്ടി കൊല്ലപ്പെട്ടത്. അതേസമയം, യുഎൻ ജീവനക്കാർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെയും ആക്രമണം നടന്നത്. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സുഡാനിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡെനിസ് ബ്രൗൺ അറിയിച്ചു.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ല. രാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇരുവിഭാഗങ്ങളും നടത്തുന്ന പോരാട്ടത്തിൽ ഡ്രോൺ ആക്രമണങ്ങൾ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. സൈനിക കേന്ദ്രങ്ങൾക്കൊപ്പം സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളും ആക്രമണത്തിന്റെ പരിധിയിൽ വരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. സംഘർഷം തുടരുന്നതിനിടെ സാധാരണക്കാരുടെ സുരക്ഷയും മാനുഷിക സഹായ പ്രവർത്തനങ്ങളും കൂടുതൽ പ്രതിസന്ധിയിലാകുകയാണ്.