Loading time...
Local

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Nov 2026, 6:30 am
Updated on: 23 Nov 2026, 6:30 am
Share:
Follow Us: YouTube
Feature Image

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

 

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അപകടസാഹചര്യം ഉണ്ടാകുന്നതിന് മുമ്പുതന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണം. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മുന്നറിയിപ്പുണ്ട്.

 

മഴയുള്ള ദിവസങ്ങളിൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദയാത്രകളും താൽക്കാലികമായി ഒഴിവാക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുത്. പാലങ്ങളിൽ കയറി കൂട്ടംകൂടി നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകാം.

 

മഴയ്ക്കും കാറ്റിനുമൊപ്പം അപകടസാധ്യത വർധിക്കുന്നതിനാൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടിവീണതായി ശ്രദ്ധയിൽപ്പെട്ടാൽ അതിൽ തൊടാതെ ഉടൻ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിൽ അറിയിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് അധികൃതരുടെ നിർദ്ദേശം.