Loading time...
Global

റോബോട്ടിക് ശസ്ത്രക്രിയയിൽ ചരിത്രനേട്ടവുമായി സൗദി അറേബ്യ; മൂന്ന് വർഷത്തിനിടെ 118% വളർച്ച.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Nov 2026, 3:37 am
Updated on: 25 Nov 2026, 3:37 am
Share:
Follow Us: YouTube
Feature Image

ആധുനിക റോബോട്ടിക് ശസ്ത്രക്രിയാ രംഗത്ത് പുതിയ ചരിത്രം കുറിച്ച് സൗദി അറേബ്യയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആശുപത്രിയിൽ നടന്ന റോബോട്ടിക് ശസ്ത്രക്രിയകളുടെ എണ്ണത്തിൽ 118 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2022-ൽ 771 ശസ്ത്രക്രിയകൾ നടന്ന സ്ഥാനത്ത് 2025-ൽ എണ്ണം 1,685 ആയി ഉയർന്നു.

 

അവയവമാറ്റ ശസ്ത്രക്രിയകൾ, ഹൃദയ ശസ്ത്രക്രിയകൾ, തലച്ചോറിലെ മുഴകൾ നീക്കം ചെയ്യൽ തുടങ്ങി അതീവ സങ്കീർണ്ണമായ ചികിത്സകളിലും റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. വലിയ മുറിവുകളില്ലാതെ കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയകൾ നടത്താനും രോഗികളുടെ സുഖപ്രാപ്തി വേഗത്തിലാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

 

2003-ലാണ് ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയകൾക്ക് തുടക്കമായത്. തുടക്കത്തിൽ ഡോക്ടർമാരുടെ സഹായിയായി മാത്രം ഉപയോഗിച്ചിരുന്ന റോബോട്ടുകൾ ഇന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പൂർണമായും നിർവഹിക്കാൻ സഹായിക്കുന്ന നിലയിലേക്ക് വളർന്നു. ലോകത്ത് ആദ്യമായി നടത്തിയ നിരവധി അപൂർവ ശസ്ത്രക്രിയകൾക്കും ഈ ആശുപത്രി വേദിയായിട്ടുണ്ട്.

 

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, നെഞ്ചിൻകൂട് തുറക്കാതെ നടത്തിയ ആദ്യത്തെ സമ്പൂർണ്ണ റോബോട്ടിക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, തലയോട്ടിക്കുള്ളിലെ മുഴ റോബോട്ടിക് സഹായത്തോടെ നീക്കം ചെയ്ത ആദ്യ ശസ്ത്രക്രിയ എന്നിവ ഇതിൽ ശ്രദ്ധേയമാണ്.

 

ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്ന് കരളിന്റെ ഒരു ഭാഗം റോബോട്ടിക് സഹായത്തോടെ വേർതിരിച്ചെടുക്കുന്ന ശസ്ത്രക്രിയകളിലും ആശുപത്രി റെക്കോർഡ് നേട്ടം കൈവരിച്ചു. ഇത്തരത്തിൽ 1,600-ലധികം ശസ്ത്രക്രിയകളാണ് ഇവിടെ വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്.

 

ചികിത്സാ മികവിനൊപ്പം ആഗോളതലത്തിലെ അംഗീകാരങ്ങളിലും ആശുപത്രി മുന്നിലാണ്. 2026-ലെ ലോകത്തിലെ മികച്ച 250 അക്കാദമിക് ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 12-ാം സ്ഥാനവും ആശുപത്രി നേടി.

 

ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് പ്രകാരം 2026-ൽ സൗദി അറേബ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും മൂല്യമുള്ള ആരോഗ്യ ബ്രാൻഡായും കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസ്‌വീക്കിന്റെ 2026-ലെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയിലും 2027-ലെ മികച്ച സ്മാർട്ട് ആശുപത്രികൾ, മികച്ച സ്പെഷ്യലൈസ്ഡ് ആശുപത്രികൾ എന്നീ പട്ടികകളിലും ആശുപത്രി ഇടംപിടിച്ചു.

 

റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആഗോള ആരോഗ്യരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ.