തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 77കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ. മാക്കുട്ടി റാവുത്തർ എന്ന രോഗിയുടെ മൃതദേഹം കണ്ടെത്തിയത് മരണപ്പെട്ട് ഏകദേശം 36 മണിക്കൂറിന് ശേഷമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെ ആശുപത്രിയിലെ നിരീക്ഷണ സംവിധാനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാകുകയാണ്.
എന്നാൽ രോഗിയുടെ വിവരങ്ങൾ സംബന്ധിച്ച് ദുരൂഹതകൾ ഉണ്ട്. ഈ മാസം 16നാണ് മാക്കുട്ടി റാവുത്തറെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നത്. കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച മുതൽ രോഗിയെ വാർഡിൽ കാണാതായതോടെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം പോലും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ലിജോയുടെ വിശദീകരണം. എല്ലാ ദിവസവും ശുചിമുറികൾ വൃത്തിയാക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
19ന് രോഗിയെ കാണാതായ വിവരം അറിഞ്ഞതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാൾ എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ ശ്രമിച്ചിരുന്നു. 21ന് മൃതദേഹം കണ്ടെത്തുന്നതുവരെ ശുചിമുറി വൃത്തിയാക്കിയിരുന്നില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ വൃത്തിയാക്കിയെന്ന മറുപടിയാണ് ലഭിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
എന്നാൽ, 20ന് ശുചിമുറി വൃത്തിയാക്കിയെന്ന ആശുപത്രി അധികൃതരുടെ വിശദീകരണവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ മരണസമയവും തമ്മിലുള്ള വൈരുധ്യമാണ് പ്രധാനമായും ചർച്ചയാകുന്നത്. ഒന്നര ദിവസത്തോളം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നത് എങ്ങനെയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
നേരത്തെയും തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറികളുടെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.