എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. എൽപിഎസ്ടിയിൽ അനുപാതം വർധിപ്പിച്ചാൽ സംസ്ഥാനത്തെ എല്ലാ മേഖലകളിലും അത് നടപ്പാക്കേണ്ടിവരുമെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി സമരവേദിയിൽ ഇന്ന് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. പൊലീസ് ഇടപെടലിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമരക്കാരി വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം പുനരാരംഭിച്ചു.
തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഇന്നലെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നും സമരവേദിയിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും വളർമതി ആരോപിച്ചു. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ടെന്നും സമരപ്പന്തലിൽ തന്നെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി. ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗത്തോടെ കൊണ്ടുപോയതെന്നും ചോദിച്ച വളർമതി, തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടത് സർക്കാരാണെന്നും പ്രതികരിച്ചു.
ഇതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും സമരപ്പന്തൽ സന്ദർശിച്ചു. വളർമതിയെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമരപ്പന്തൽ പൊളിക്കുന്നതാണോ പുതുയുഗ സർക്കാരിന്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സർക്കാരിനോട് വിനീതമായി അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .